സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളത്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഈ മുന്നറിയിപ്പ് തുടരും. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ഈ ജില്ലകളിൽ ലഭിക്കാൻ സാധ്യതയുണ്ട്.
ഇവ കൂടാതെ സംസ്ഥാനത്തെ മറ്റ് മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ സഹായങ്ങൾക്കായി എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ സജ്ജമാണ്. സഹായങ്ങൾ ആവശ്യമുള്ളവർക്ക് 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
