സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത;തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.4 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. വിവിധ തീര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയും തീരപ്രദേശത്ത് ഓറഞ്ച് അലർട്ടാണ്.

ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം ഫിഷറീസ് ഹാർബർ മുതൽ മറുവക്കാട് വരെയും തൃശൂർ ജില്ലയിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും ഓറഞ്ച് അലർട്ടാണ്. മലപ്പുറത്ത് കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല ഹാർബർ മുതൽ രാമനാട്ടുകര വരെയുമാണ് മുന്നറിയിപ്പ്. കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ഓറഞ്ച് അലർട്ടാണ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *