ഐ.ടി വിജ്ഞാനധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം വീടിനടുത്ത് ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ “കമ്മ്യൂൺ” ‘വർക്ക് നിയർ ഹോം’ (WNH) പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം ജനുവരി 19 വൈകിട്ട് 4 ന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മാസ്കോട്ട് ഹോട്ടലിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ. എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ആഗോള തൊഴിൽ വിപണിയിൽ വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ലോകമെമ്പാടും റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമാണിത്. അതിൽ കേരളത്തിന്റെ പ്രസക്തി വളരെ വലുതാണ്. വൻകിട നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവും യാത്രാക്ലേശവും ആഗോളതലത്തിൽ പ്രൊഫഷണലുകളെ മാറിചിന്തിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഗ്രാമീണ സൗന്ദര്യവും നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങളും ഒത്തുചേരുന്ന കേരളത്തിലെ ‘വർക്ക് നിയർ ഹോം’ കേന്ദ്രങ്ങൾ ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ-ഡിസ്ക് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി പ്രവർത്തിക്കുന്ന ഈ പദ്ധതിക്ക് കിഫ്ബി ആണ് പലിശരഹിത വായ്പയിലൂടെ മൂലധനം നൽകുന്നത്. ആദ്യഘട്ടത്തിൽ 10 കേന്ദ്രങ്ങളാണ് സംസ്ഥാനത്താകെ ലക്ഷ്യമിടുന്നത്. കൊട്ടാരക്കരയ്ക്ക് പുറമെ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി ഒൻപത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും. പ്രാദേശിക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, കഴിവുള്ള പ്രൊഫഷണലുകളെ അവരുടെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക, കേരളത്തെ ഒരു ആഗോള ‘സ്‌കിൽ ഡെവലപ്‌മെന്റ് ഹബ്ബ്’ ആയി ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസം, ദീർഘദൂര യാത്രകൾ, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിന്റെ അഭാവം തുടങ്ങിയ വെല്ലുവിളികൾക്കുള്ള ഫലപ്രദമായ പരിഹാരമാണിതെന്ന് മന്ത്രി പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വർക്ക് നിയർ ഹോം ശൃംഖല വ്യാപിപ്പിക്കും. ഇതുവഴി 5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 50,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന 5000 കോടി രൂപയോളം സാമ്പത്തിക മൂല്യം ഇതിലൂടെ കേരളത്തിനുള്ളിൽ തന്നെ നിലനിർത്താൻ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും സംരംഭകർക്കും കിഫ്ബി വഴി പലിശരഹിത വായ്പ ലഭ്യമാക്കി ‘വർക്ക് നിയർ ഹോം’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കമ്പനികൾക്ക് ഓഫീസ് പരിപാലനത്തിനുള്ള ഭീമമായ തുക ലാഭിക്കാമെന്നതും പ്രൊഫഷണലുകൾക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാമെന്നതും ആഗോള തൊഴിൽ വിപണിയിൽ കേരളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കും. മികച്ച തൊഴിൽ തേടി മെട്രോ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യുവപ്രതിഭകൾ കുടിയേറുന്നത് ഒഴിവാക്കി, അവർക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച കരിയർ ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കും.
