Home » Blog » kerala Mex » ശബരിമല സ്വർണ മോഷണകേസ്: നിർണ്ണായകമായ വഴിത്തിരിവുകൾ പ്രതീക്ഷിക്കുന്ന കോടതി വിധി ഇന്ന്
high-court-kerala

ബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായകമായ വഴിത്തിരിവുകൾ പ്രതീക്ഷിക്കുന്ന കോടതി നടപടികളാണ് ഇന്ന് നടക്കുന്നത്. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ ഗുണനിലവാരവും അളവും കൃത്യമായി പരിശോധിക്കുന്നതിനായി സാമ്പിളുകൾ ജംഷെഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അന്വേഷണസംഘം ഇന്ന് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. കൂടാതെ, കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വർണ്ണക്കണക്കിലെ പൊരുത്തക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച വിവരവും കോടതിയെ ബോധിപ്പിക്കും.

അതേസമയം, കേസിലെ പ്രധാന പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ, ഈ കേസിൽ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കൂടി റിമാൻഡിലായതിനാൽ പത്മകുമാറിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. മുപ്പത് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യഹർജികൾ ആരോഗ്യസ്ഥിതി മുൻനിർത്തി ഈ മാസം 23-ന് കോടതി പരിഗണിക്കും. നിലവിൽ കേസിലെ ആകെ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യം ലഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ ജംഷെഡ്പൂരിലെ ലാബ് പരിശോധനാ ഫലം പുറത്തുവരുന്നതോടെ സ്വർണ്ണപ്പാളികളുടെ മാറ്റിലും അളവിലും നടന്ന ക്രമക്കേടുകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.