Home » Blog » kerala Mex » ശബരിമല കേസ്: സുരേഷ് ഗോപിയെ ചോദ്യം ചെയ്തു; മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും
suresh-gopir-680x450 (1)

ബരിമല കൊടിമര പുനർനിർമ്മാണത്തിനായി സ്വർണം ശേഖരിച്ചതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം സിനിമാ താരങ്ങളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി നടനും എം.പിയുമായ സുരേഷ് ഗോപിയെ വിജിലൻസ് ചോദ്യം ചെയ്തു. വരും ദിവസങ്ങളിൽ നടൻ മോഹൻലാൽ അടക്കമുള്ള പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ സിനിമാ മേഖലയിലുള്ളവരുടെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് ലക്ഷ്യമിടുന്നത്.

അതേസമയം, കൊടിമരത്തിനായി എത്രത്തോളം സ്വർണം ലഭിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. പലരും സംഘങ്ങളായി ചേർന്നാണ് സ്വർണം നൽകിയത് എന്നതിനാൽ ഒരാൾ എത്ര നൽകി എന്ന് കണ്ടെത്തുക വിജിലൻസിന് വെല്ലുവിളിയാണ്. സ്വർണം നൽകിയ പലർക്കും അതിന്റെ കൃത്യമായ അളവിനെക്കുറിച്ച് ഓർമ്മയില്ലെന്നും ദാതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ രേഖകളിലുള്ളതിനേക്കാൾ കൂടുതൽ സ്വർണം സംഭാവനയായി ലഭിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്ന് വിജിലൻസ് വിലയിരുത്തുന്നു.

നേരത്തെ ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികൾ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാണയങ്ങളായി സ്വർണം നൽകിയെന്നാണ് ഇവർ മൊഴി നൽകിയത്. 2017-ൽ നടന്ന കൊടിമര പുനർനിർമ്മാണത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി ദേവസ്വം വിജിലൻസ് നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മുൻ അഡ്വക്കേറ്റ് കമ്മീഷണർ ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം സ്വീകരിച്ചത് ചട്ടവിരുദ്ധമാണെന്നും ബാക്കി വന്ന സ്വർണം എവിടെ ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ലെന്നും റിപ്പോർട്ടിലുണ്ട്.