
കേരളത്തിൽ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമേ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയും 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
