Home » Blog » kerala Mex » വേനൽചൂട് കടുക്കുന്നു;താപനില ഉയരും; യെല്ലോ അലർട്ട്
26

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു. വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നത് കാരണം മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.

ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36°C വരെയും ഉയർന്നേക്കാം. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ചൂട് കൂടുമ്പോഴും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.