ഉന്നതവിദ്യാഭ്യാസത്തിനായി ഏത് രാജ്യം തിരഞ്ഞെടുക്കണം, ഏത് സർവകലാശാലയിലെ കോഴ്സാണ് തനിക്ക് അനുയോജ്യം തുടങ്ങിയ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് ഇനി നിർമ്മിത ബുദ്ധി മറുപടി നൽകും. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിയിലെ എക്സ്പോയിലാണ് ‘ലിവറേജ് എജ്യു’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ഈ അത്യാധുനിക സേവനം പരിചയപ്പെടുത്തിയത്.
വിദ്യാർത്ഥികളുടെ അഭിരുചിയും യോഗ്യതയും ആഗോളതലത്തിലെ തൊഴിൽ സാധ്യതകളും വിശകലനം ചെയ്ത് ഏറ്റവും അനുയോജ്യമായ പഠനവഴി കണ്ടെത്താൻ എഐ സഹായിക്കും. കോഴ്സ് തിരഞ്ഞെടുക്കുന്നത് മുതൽ അപേക്ഷ സമർപ്പിക്കൽ, പ്രവേശന പരീക്ഷാ പരിശീലനം, ഇന്റർവ്യൂ തയ്യാറെടുപ്പ്, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പ്, വിസ നടപടികൾ എന്നിവയെല്ലാം എഐ അധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ ലളിതമാക്കാം.
‘വസു എഐ’: പേഴ്സണൽ അക്കാദമിക് കോച്ച്
വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാനായി ‘വസു എഐ’ എന്ന അക്കാദമിക് പരിശീലകയെയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സംശയങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം കരിയർ പ്ലാനിംഗിലും വസു സഹായിക്കും. ഇതിനു പുറമെ പതിനായിരത്തിലധികം വിദഗ്ധ കൺസൾട്ടന്റുമാരുടെ സേവനവും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ലോകത്തെ 27 രാജ്യങ്ങളിലായി 850-ലധികം സർവകലാശാലകളിൽ ലിവറേജ് എജ്യു പ്രവേശനം സാധ്യമാക്കുന്നുണ്ടെന്ന് സിഇഒ അക്ഷയ് ചതുർവേദി പറഞ്ഞു. വിദ്യാർത്ഥികൾക്ക് മാത്രമല്ല, നഴ്സുമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾക്ക് വിദേശത്ത് ജോലി കണ്ടെത്താനും ഈ സംവിധാനം സഹായകരമാകും.
