Home » Blog » kerala Mex » വിദേശ സംഭാവന നിയന്ത്രണം: സഭയെ ശ്വാസംമുട്ടിക്കുന്ന എഫ്‌സിആർഎ ഭേദഗതിക്കെതിരെ ഓർത്തോഡോക്സ് സഭാധ്യക്ഷൻ
mpox-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-26-680x450

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) പുതിയ ഭേദഗതികൾക്കെതിരെ മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഈ നിയമപരിഷ്‌കാരം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഭാമക്കൾ നൽകുന്ന നേർച്ചപ്പണത്തെപ്പോലും സംശയത്തോടെ കാണുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങളോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

പുതിയ ഭേദഗതി സഭയുടെ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കുന്ന രീതിയിലാണെന്നും മിഷൻ പ്രവർത്തനങ്ങളെ ഇത് വല്ലാതെ പ്രയാസപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലങ്കര സഭയുടെ എഫ്‌സിആർഎ അക്കൗണ്ടുകൾ ഇതിനോടകം മരവിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ നേരിൽ കണ്ട് അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. എന്തുകൊണ്ടാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന കൃത്യമായ കാരണം പോലും അധികൃതർ വ്യക്തമാക്കുന്നില്ലെന്നും സഭയുടെ ശുശ്രൂഷകളെ തടസ്സപ്പെടുത്തുന്ന ഈ നിലപാട് തിരുത്തിയില്ലെങ്കിൽ മറ്റ് സഭകളുമായി ചേർന്ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കാതോലിക്ക ബാവ മുന്നറിയിപ്പ് നൽകി

അതേസമയം, ഈ വിഷയത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എഫ്‌സിആർഎ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. സഭകളുടെയും മറ്റ് സംഘടനകളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി.