Home » Blog » kerala Max » വിട്ടുനിന്ന കുട്ടികൾ രാജ്യദ്രോഹികൾ, വീട്ടിലിരിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടവർ; കുട്ടികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ
fghty-680x450

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ രാജ്യവിരുദ്ധരായി ചിത്രീകരിച്ച് സ്കൂൾ ഉടമ. തൃശൂർ മാള ഇന്റർനാഷണൽ സ്കൂൾ മേധാവി ഡോ. രാജു ഡേവിസ് രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിലിട്ട വിവാദ സന്ദേശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്വാതന്ത്ര്യദിന ചടങ്ങുകളിൽനിന്ന് വിട്ടുനിന്ന കുട്ടികൾ രാജ്യദ്രോഹികളാണെന്നും വീട്ടിലിരിക്കുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടവരാണെന്നുമാണ് സ്കൂൾ ഉടമയുടെ ആക്ഷേപം.

സ്വാതന്ത്ര്യദിനത്തിൽ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും സ്കൂളിൽ ഹാജരാകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിവിധ വ്യക്തിപരമായ കാരണങ്ങളാൽ ചടങ്ങിനെത്താൻ കഴിയാത്ത കുട്ടികളെയാണ് സ്കൂൾ മേധാവി പരസ്യമായി അധിക്ഷേപിച്ചത്. മാത്രമല്ല, ഇത്തരത്തിൽ വിട്ടുനിന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. രക്ഷിതാക്കൾക്കിടയിൽ കടുത്ത അമർഷം പുകയുന്നതിനിടയിലാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചുകൊണ്ട് വിശദീകരണവുമായി സ്കൂൾ ഉടമ വീണ്ടും രംഗത്തെത്തിയത്.

“സ്കൂളിൽ വരാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്നാണ് ഞാൻ പറഞ്ഞത്. അറബ് രാജ്യങ്ങളിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നല്ല. പാകിസ്ഥാൻ ഇന്ത്യയുടെ ശത്രുരാജ്യമാണ്. എന്റെ രാജ്യസ്നേഹവും മതനിരപേക്ഷതയും എന്നെ ആരും പഠിപ്പിക്കേണ്ടതില്ല,” എന്നായിരുന്നു ഇയാളുടെ രണ്ടാമത്തെ സന്ദേശം. സ്കൂളിൽ ഹാജരാകാത്തതിന്റെ പേരിൽ കൊച്ചുകുട്ടികളെയും അവരുടെ കുടുംബങ്ങളെയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന ഇത്തരം നടപടികൾക്കെതിരെ രക്ഷിതാക്കളും പൊതുസമൂഹവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ഒരു ദിവസം സ്കൂളിൽ എത്തിച്ചേരാത്ത കുട്ടികൾ എങ്ങനെയാണ് രാജ്യസ്നേഹമില്ലാത്തവരായി മാറുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടലും കർശന നടപടിയും ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.