Home » Blog » Kerala » വിജയം തുടർന്ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ചത് 21 റൺസിന്
1
തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാ‍ർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം.  ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെയാണ് മഴയെ തുട‍ർന്ന് കളി നി‍ർത്തിവച്ചത്. തുട‍ർന്ന് കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി അർദ്ധസെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 195/6, ഏരീസ് കൊല്ലം സെയിലേഴ്സ് – 15 ഓവറിൽ 129/6

അക്കൗണ്ട് തുറക്കും മുൻപെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും തകർപ്പൻ തുടക്കമായിരുന്നു കാലിക്കറ്റിന്റേത്. ഇന്നിങ്സിലെ മൂന്നാം പന്തിൽ വരുൺ നായനാർ പുറത്തായെങ്കിലും ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന രോഹൻ 21 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചു. പവൻ രാജ് എറിഞ്ഞ അഞ്ചാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 20 റൺസാണ് രോഹൻ നേടിയത്.

ഇടയ്ക്ക് കെ.എസ്. അരവിന്ദിന്റെ (7) വിക്കറ്റ് വീണെങ്കിലും അഖിൽ സ്കറിയ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. 27 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസെടുത്ത രോഹൻ കെ.ജി. അഖിലിന്റെ പന്തിൽ വിജയ് വിശ്വനാഥ് ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ അബ്ദുൾ ബാസിതിനും(11) സൽമാൻ നിസാറിനും (9) അശ്വിൻ ആനന്ദിനും (5) താളം കണ്ടെത്താനാവാതെ പോയത് കാലിക്കറ്റിന്റെ റണ്ണൊഴുക്കിന് തടയിട്ടു.

എന്നാൽ, മറുവശത്ത് ഉറച്ചുനിന്ന അഖിൽ സ്കറിയക്ക് കൂട്ടായി കൃഷ്ണദേവൻ കൂടിയെത്തിയതോടെ കാലിക്കറ്റ് മത്സരത്തിലേക്ക് വീണ്ടും ശക്തമായി തിരിച്ചെത്തി. 32 പന്തുകളിൽ 64 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ 26 റൺസ് പിറന്നു. അഖിൽ സ്കറിയ 43 പന്തുകളിൽ 56 റൺസും കൃഷ്ണദേവൻ 16 പന്തുകളിൽ 39 റൺസും നേടി പുറത്താകാതെ നിന്നു. രണ്ട് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു കൃഷ്ണദേവന്റെ ഇന്നിങ്സ്. കൊല്ലത്തിന് വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന് ഓപ്പണർമാർ മികച്ച തുടക്കം നല്കി. അരുൺ പൌലോസും അഭിഷേക് നായരും ചേർന്ന് 4.3 ഓവറിൽ 48 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരെയും തുടരെയുള്ള ഓവറുകളിൽ പുറത്താക്കി കാലിക്കറ്റ് മത്സരത്തിൽ പിടിമുറുക്കി. അഭിഷേക് 11ഉം അരുൺ പൌലോസ് 37ഉം റൺസാണ് നേടിയത്. തുടർന്നെത്തിയ വത്സൽ ഗോവിന്ദിനും (14) ആനന്ദ് കൃഷ്ണനും (21) ക്രീസിൽ നിലയുറപ്പിക്കാനായില്ല. അജിനാസ് അക്കൌണ്ട് തുറക്കാതെ മടങ്ങി.

മുൻനിര മുട്ടുമടക്കി സെയിലേഴ്സ്  പതറി നില്ക്കുമ്പോഴാണ് മഴയെത്തിയത്. അർജുൻ വേണുഗോപാലും (16) വിജയ് വിശ്വനാഥും (8) ആയിരുന്നു  ക്രീസിൽ. മഴ ശമിക്കാത്തതിനെ തുടർന്ന് വി.ജെ.ഡി നിയമപ്രകാരം കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ അഖിൽ സത്താറാണ് കാലിക്കറ്റ് ബൌളിങ് നിരയിൽ തിളങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *