മലയാള സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജോർജുകുട്ടിയായി മോഹൻലാൽ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ, വാഴകൾക്കിടയിലൂടെ നിഗൂഢതയോടെ നടന്നുപോകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ഏപ്രിൽ 2-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.
റിലീസ് തീയതിയിലെ പ്രത്യേകതയും പോസ്റ്ററിലെ ‘വാഴ’യുടെ സാന്നിധ്യവും ആരാധകർക്കിടയിൽ രസകരമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഏപ്രിൽ 2-ന് തന്നെയാണ് സൂപ്പർഹിറ്റ് ചിത്രമായ ‘വാഴ’യുടെ രണ്ടാം ഭാഗവും റിലീസ് ചെയ്യുന്നത്. ജോർജുകുട്ടി വാഴത്തോട്ടത്തിലൂടെ നടന്നുപോകുന്ന പോസ്റ്റർ ‘വാഴ 2’വിനുള്ള ഒരു മുൻകൂർ മുന്നറിയിപ്പാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ട്രോൾ. ജോർജുകുട്ടിയോട് ഏറ്റുമുട്ടാൻ വാഴ പിള്ളേർ എത്തുമോ എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്ററിന് താഴെ നിറയുന്നുണ്ട്.
മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്തർ അനിൽ തുടങ്ങിയ ആദ്യ ഭാഗങ്ങളിലെ താരങ്ങൾ മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്. ചിത്രം ഒരു വലിയ ആക്ഷൻ പടമാകില്ലെന്നും ജോർജുകുട്ടിയുടെ വൈകാരിക തലങ്ങളിലൂടെയുള്ള യാത്രയാകുമെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. അമിത പ്രതീക്ഷകളോ മുൻവിധികളോ ഇല്ലാതെ സിനിമയെ സമീപിക്കണമെന്നാണ് അദ്ദേഹം പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ രണ്ടിന് ജോർജുകുട്ടിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
