
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, 2023 ഫെബ്രുവിരിക്ക് ശേഷം ആദ്യമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബറിൽ നടക്കുന്ന അടുത്ത പണനയ സമിതി അവലോകന യോഗത്തിൽ നിരക്ക് കാൽ ശതമാനം അഥവാ 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമായി ഉയർത്തിയേക്കുമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പണപ്പെരുപ്പം തുടർച്ചയായി ആർബിഐയുടെ ലക്ഷ്യമായ നാല് ശതമാനത്തിന് മുകളിൽ നിൽക്കുന്നതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് ബാങ്കിനെ നയിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ ഊർജ വിലക്കയറ്റവും, അമേരിക്കൻ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള ലോകത്തെ പ്രധാന ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കുന്നതും ആർബിഐക്ക് മേൽ സമ്മർുദം കൂട്ടുന്നുണ്ട്. കൂടാതെ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ആറ് ശതമാനത്തോളം ഇടിവ് പ്രതിരോധിക്കാൻ നിരക്ക് കൂട്ടുകയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലാണ് ആർബിഐ. ഓഗസ്റ്റിൽ രാജ്യത്തെ പണപ്പെരുപ്പം 4.82 ശതമാനമായി ഉയർന്നിരുന്നു.
റിപ്പോ നിരക്ക് വർധിക്കുന്നതോടെ സാധാരണക്കാരുടെ ഭവന, വാഹന വായ്പകളുടെ പ്രതിമാസ തിരിച്ചടവ് അതായത് ഇഎംഐ തുക ഉയരാൻ സാധ്യതയുണ്ട്. പണപ്പെരുപ്പ സമ്മർദ്ദം നിയന്ത്രിക്കാൻ ഡിസംബറിലും ആർബിഐ നിരക്ക് കൂട്ടിയേക്കുമെന്നാണ് സൂചനകൾ നൽകുന്നത്. ഇത് സാധാരണക്കാരുടെ ബജറ്റിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും സാമ്പത്തിക രംഗത്ത് ശക്തമാണ്.
