WhatsApp Image 2025-10-21 at 4.02.31 PM

സമ്പൂര്‍ണ വയോജന സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും സാമൂഹികനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വയോജന സൗഹൃദ കോഴിക്കോട് ഒന്നാംഘട്ട പ്രഖ്യാപനവും വയോജന വികസന രേഖകളുടെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സമ്പൂര്‍ണ വയോജന സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അന്തസ്സോടെയുള്ള ജീവിതവും മെച്ചപ്പെട്ട സാമൂഹിക പരിരക്ഷയും ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം. വാതില്‍പടി സേവനം, വയോമിത്രം, വാര്‍ധക്യ പെന്‍ഷനുകള്‍, വയോജന കമീഷന്‍, വയോരക്ഷ, വയോമധുരം, മന്ദഹാസം, ഓര്‍മത്തോണി തുടങ്ങിയ പദ്ധതികളിലൂടെ വയോജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ ജില്ലക്കായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ സമ്പൂര്‍ണ വയോജന വിവരശേഖരണം നടത്തുകയും പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ തലങ്ങളില്‍ വയോജന കമ്മിറ്റി സംഘടിപ്പിച്ച് വയോജന വികസനരേഖകള്‍ തയാറാക്കുകയും ചെയ്തിരുന്നു.

എ.കെ.ജി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സെക്രട്ടറി ടി ജി അജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി സുരേന്ദ്രന്‍ മാസ്റ്റര്‍, വി പി ജമീല, കെ വി റീന, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സിഇഒ മദന്‍ മോഹന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി ജി ജോര്‍ജ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ പി ബാബു, എസ്.എസ്.എം റീജണല്‍ ഡയറക്ടര്‍ ഡോ. സൗമ്യ, ജില്ലാ സാമൂഹികനീതി ഓഫീസര്‍ എം അഞ്ജു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളുടെ വയോജന സൗഹൃദ പദ്ധതിയുടെ രേഖ പ്രകാശനം, സര്‍ട്ടിഫിക്കറ്റ് വിതരണം, വയോജന മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന വയോസേവന പുരസ്‌കാരം നേടിയ ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ ആദരിക്കല്‍ എന്നിവയും ചടങ്ങില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *