മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നിർമ്മിച്ച 51 വീടുകളുടെ താക്കോൽദാനം വൈകീട്ട് നാല് മണിക്ക് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയാകും. ദേശീയ-സംസ്ഥാന തലത്തിലുള്ള നിരവധി യു.ഡി.എഫ് നേതാക്കൾ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ തൃക്കൈപ്പറ്റയിലെത്തും.
11.5 ഏക്കർ സ്ഥലത്തായി ആകെ 105 വീടുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ വീടും എട്ട് സെന്റ് ഭൂമിയിൽ 1060 സ്ക്വയർ ഫീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്ത്റൂമുകൾ, ഹാൾ, അടുക്കള, വർക്ക് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ വീടുകൾ. രണ്ടാംഘട്ടത്തിലുള്ള വീടുകളുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്. മെയ് 30-ഓടെ ബാക്കിയുള്ള വീടുകൾ കൂടി പൂർത്തിയാക്കി അർഹരായവർക്ക് നൽകാനാണ് ലീഗ് നേതൃത്വം ലക്ഷ്യമിടുന്നത്.
