Home » Blog » Kerala » വനിതാ സംവരണം അട്ടിമറിക്കുന്നുവെന്ന് ആരോപണം; കേരളത്തിൽ വിപുലമായ പ്രചാരണത്തിനൊരുങ്ങി ബിജെപി.
bjp

വനിതാസംവരണ ബിൽ ഇന്ത്യാ സഖ്യം അട്ടിമറിച്ചെന്ന ആരോപണം മുൻനിർത്തി സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികൾക്ക് ബി.ജെ.പി തുടക്കമിടുന്നു. സാംസ്കാരിക, സാമൂഹിക, പ്രൊഫഷണൽ രംഗത്തെ പ്രമുഖ വനിതകളെ അണിനിരത്തി ജനപിന്തുണ ഉറപ്പാക്കാനാണ് പാർട്ടിയുടെ തീരുമാനം.

വിവിധ മേഖലകളിൽ നിന്നുള്ള 300 പ്രമുഖ വനിതകളെ ഉൾപ്പെടുത്തി വനിതാസംവരണത്തിന് അനുകൂലമായ സംയുക്ത പ്രസ്താവന ഉടൻ പുറത്തിറക്കും. ജില്ലകളിലെ പ്രമുഖരായ സ്ത്രീകളെ നേരിൽ കണ്ട് വനിതാസംവരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരുടെ പ്രതികരണങ്ങൾ ശേഖരിക്കുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും. വ്യാഴാഴ്ച തിരുവനന്തപുരത്ത് പതിനായിരം പേർ പങ്കെടുക്കുന്ന ‘മഹിളാമുന്നേറ്റ യാത്ര’ സംഘടിപ്പിക്കും.

തുടർന്ന് എല്ലാ സംഘടനാ ജില്ലകളിലും യാത്രകൾ നടക്കും. ഇതിനു പുറമെ 25 മുതൽ അഞ്ചുദിവസം നീളുന്ന മണ്ഡലതല ജാഥകളും പൊതുയോഗങ്ങളും നടക്കും. വനിതാസംവരണ വിഷയം ഗ്രാമതലങ്ങളിലേക്ക് എത്തിക്കുന്നതിനായി ബി.ജെ.പിക്ക് ചുരുങ്ങിയത് രണ്ട് പ്രതിനിധികളെങ്കിലുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിൽ അട്ടിമറിച്ചതിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പാർട്ടി നിർദേശം നൽകി.