ന്യൂഡൽഹി: തമിഴ്നാട് നിയമസസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചർമ്മത്തിലെ നിറം മാറ്റത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. തമിഴ്‌നാട്ടിലെ പരിപാടികളിൽ പങ്കെടുത്തപ്പോൾ മോദിയുടെ ചർമ്മത്തിന് കൂടുതൽ കറുപ്പ്/തവിട്ട് നിറം തോന്നിച്ചുവെന്നും പ്രചാരണത്തിന്റെ ഭാഗമായി അറിഞ്ഞു ചെയ്ത മേക്കപ്പ് ആണെന്നുമാണ് ഉയരുന്ന വിമർശനം.
‘50 Shades of Modi Ji’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും നടക്കുന്നുണ്ട്. ‘ഇത് റേസിസമാണ്… നോർത്തും സൗത്തും തമ്മിലുള്ള വംശീയ വിഭജനമാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയോട് അടുത്തുനിൽക്കുന്നതിനായി അറിഞ്ഞുചെയ്ത മേക്കപ്പ് ആണെന്നാണ് ഉയരുന്ന വാദം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മേക്കപ്പ് എന്നും ഇതിനെ പലരും വിളിച്ചു. എക്‌സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് വിവാദം ഉയരുന്നത്.
മോദിയുടെ റാലികളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചായിരുന്നു പ്രതികരണം. തമിഴ്നാട്ടിലെ പ്രാദേശിക ജനതയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ഇരുണ്ട നിറത്തിലുള്ള മേക്കപ്പ് ഉപയോഗിച്ചോ അതോ ബ്രോൺസർ ഉപയോഗിച്ചോ എന്നാണ് ഉയരുന്ന സംശയം. ‘ദ്രാവിഡരെ അപമാനിക്കലാണ്’ എന്ന് പലരും പ്രതികരിച്ചു. തമിഴ്നാട്ടിൽ താൽക്കാലികമായി ടാൻ ഇട്ടതിലൂടെ ദക്ഷിണേന്ത്യയിൽ നിന്ന് വരുന്നവരുടെ കറുത്ത തൊലിയെയാണ് മോദി പരിഹസിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു.
