വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. അശ്വതിയുടെ ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ നടത്തിയ കുറ്റപ്പെടുത്തലുകളും അതിലുണ്ടായ മാനസിക വിഷമവുമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പോലീസ് വ്യക്തമാക്കി.
വീടിനുള്ളിൽ ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും, 14-ഉം 5-ഉം വയസ്സുള്ള ആൺകുട്ടികളെയും രണ്ട് വയസ്സുള്ള പെൺകുട്ടിയെയും കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
രണ്ട് മാസം മുൻപാണ് മകന്റെ ചികിത്സയ്ക്കായി ഈ കുടുംബം വടുതല കർഷക റോഡിലെ വീട് വാടകയ്ക്കെടുത്തത്. വിദേശത്തുള്ള വീട്ടുടമസ്ഥൻ അയൽവാസികളോട് അന്വേഷിക്കാൻ പറഞ്ഞതിനെത്തുടർന്നാണ് മരണം പുറംലോകമറിഞ്ഞത്. എറണാകുളം സെൻട്രൽ എസിപി സി. പ്രേമാനന്ദ കൃഷ്ണയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
