ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാത, നാളെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാതയായ ചെനാബ് പാലം വെള്ളിയാഴ്ച (ജൂണ്‍ 6) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രം സൃഷ്ടിക്കപ്പെടുന്ന നിമിഷങ്ങളാണിത്. പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുളള ചനാബ് റെയില്‍ പാളം, ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ ചനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരെയാണ് സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. കഠിനമായ ഹിമാലയന്‍ കാലാവസ്ഥയേയും ഭൂകമ്പ പ്രവര്‍ത്തനങ്ങളേയും നേരിടാന്‍ വേണ്ടി പണികഴിപ്പിച്ച ഈ പാലത്തിന്റെ നിര്‍മ്മാണം മനുഷ്യന്റെ സ്ഥിരോത്സാഹത്തിന്റെ ശ്രദ്ധേയമായ തെളിവാണ്.

ഉധംപൂര്‍- ശ്രീനഗര്‍ -ബാരാമുളള റെയില്‍ ലൈന്‍ (USBRL) പദ്ധതിയുടെ ഭാഗമായി 2002 ല്‍ ആരംഭിച്ച ചെനാബ് പാലത്തിന്റെ നിര്‍മ്മാണം 2022 ഓഗസ്റ്റിലാണ് പൂര്‍ത്തിയായത്. ഉദംപൂര്‍ -ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞാല്‍ ജമ്മുവിനും ശ്രീനഗറിനും ഇടയില്‍ വന്ദേഭാരത് മെട്രോ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും. പാലത്തിലൂടെയുള്ള ട്രെയിന്‍ യാത്രകള്‍ ചെനാബ് നദീതടത്തിന്റെയും ചുറ്റുമുള്ള ഹിമാലയന്‍ കൊടുമുടികളുടെയും സമൃദ്ധമായ പ്രകൃതി ദൃശ്യങ്ങളുടെയും അതിശയകരമായ കാഴ്ചകള്‍ നല്‍കുന്നവയാണ്.

ചെനാബിന്റെ രണ്ട് കരകളിലും ഉള്ള രണ്ട് ഭീമന്‍ ക്രെയിനുകള്‍ കൊണ്ടാണ് പാലത്തിന് അതിന്റെ സിഗ്നേച്ചര്‍ ലുക്ക് നല്‍കുന്ന മനോഹരമായ കമാനം സ്ഥാപിച്ചത്. WSP ആണ് ഈ റെയില്‍വേ പാലം രൂപകല്‍പ്പന ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരമേറിയതും നീളമുള്ളതുമായ സ്റ്റീല്‍ ആര്‍ച്ച് പാലമാണ് ചെനാബ് റെയില്‍വേ പാലം. wsp യുടെ ലോകോത്തര സ്റ്റീല്‍ ഡിസൈന്‍ വൈദഗ്ധ്യം വിളിച്ചോതുന്നതാണ്.

എഞ്ചിനിയറിംഗ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച് 27,000 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. ഇന്ത്യന്‍ കമ്പനികളായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, വിഎസ്എല്‍ ഇന്ത്യ, ദക്ഷിണ കൊറിയന്‍ കമ്പനിയായ അള്‍ട്രാ കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ സംയുക്ത സംരംഭത്തിലൂടെയാണ് പാലം നിര്‍മ്മിച്ചത്. യുഎസ്ബിആര്‍എല്‍ റെയില്‍വേ പദ്ധതിയുടെ പ്രധാന ഭാഗമാകുന്നതിനു പുറമേ, ചെനാബ് പാലം ഡല്‍ഹിയെ കശ്മീരുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും.

ന്യൂഡല്‍ഹിയില്‍ നിന്ന് 600 കിലോമീറ്റര്‍ വടക്കായിട്ടാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കശ്മീര്‍ താഴ്വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ഒരു റെയില്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനെ ചെറുക്കുകയും ഏറ്റവും ഉയർന്ന തീവ്രതയുള്ള ഭൂകമ്പങ്ങളെ പ്രതിരോധിക്കുകയും ചെയ്യാൻ കഴിയുന്ന തരത്തിലാണ് ചെനാബ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 120 വര്‍ഷത്തെ ആയുസാണ് പാലത്തിന് കണക്കാക്കപ്പെടുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *