ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ പോരാട്ടത്തിന് വെറും 23 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആശങ്കയായി ലിയോണല്‍ മെസി. മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കാനിറങ്ങിയ താരം 73-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
മത്സരത്തിനിടെ ഒരു ഫ്രീകിക്ക് എടുത്തതിന് പിന്നാലെയാണ് മെസി അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് സ്വയം പിന്മാറാൻ ആവശ്യപ്പെട്ട താരം നേരെ ലോക്കർ റൂമിലേക്ക് മടങ്ങുകയായിരുന്നു.
തുടഞരമ്പിലെ പരിക്കാണോ എന്ന സംശയം തുടക്കത്തിൽ ഉയർന്നെങ്കിലും, ലോകകപ്പ് മുന്നിൽക്കണ്ടുള്ള ഒരു മുൻകരുതൽ നടപടി മാത്രമാണിതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അർജന്റീന ടീമിനെ അടുത്തറിയുന്ന മാധ്യമപ്രവർത്തകർ നൽകുന്ന സൂചന പ്രകാരം മെസിയുടെ പേശികൾക്ക് ഗൗരവകരമായ പരിക്കുകളില്ല. ഇന്റർ മയാമിയുടെ മെഡിക്കൽ സംഘം താരത്തെ വിശദമായ പരിശോധനകൾക്ക് വിധേയനാക്കും.
