Home » Blog » kerala Max » ലെബനൻ വിഷയത്തിൽ ട്രംപിന് അതൃപ്തി; ഭിന്നതകൾക്കിടയിലും പരസ്പര ബഹുമാനമുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി
images(13)_resize

ലെബനനിലെ സൈനിക നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്ഷുഭിതനായെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപുമായി തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവായ ലക്ഷ്യങ്ങളിൽ ഇരുവരും യോജിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

തന്നെ ട്രംപ് ചീത്ത വിളിച്ചുവെന്ന റിപ്പോർട്ടുകളിലെ വിശദാംശങ്ങളിലേക്ക് കടക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ, ഏറ്റവും അടുത്ത കുടുംബങ്ങളിൽ പോലും തന്ത്രപരമായ വിയോജിപ്പുകൾ ഉണ്ടാകാമെന്നും അവ പരിഹരിക്കാൻ തങ്ങൾ എപ്പോഴും വഴി കണ്ടെത്താറുണ്ടെന്നും നെതന്യാഹു പറഞ്ഞു. “ഞങ്ങൾ രാവിലെ വിയോജിക്കാം, എന്നാൽ ഉച്ചയോടെ ഒരു പൊതുധാരണയിൽ എത്തും. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനനിലെ ഹിസ്ബുള്ളയുമായുള്ള പോരാട്ടം ഇറാനുമായുള്ള സമാധാന ചർച്ചകളെ ബാധിക്കുന്നതിൽ ട്രംപിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് നെതന്യാഹുവിന്റെ വിശദീകരണം. ഇറാൻ അമേരിക്കയ്ക്കും ഇസ്രയേലിനും ഒരുപോലെ ഭീഷണിയാണെന്നും, ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് അവരെ തടയേണ്ടത് നിർണായകമാണെന്നും നെതന്യാഹു ആവർത്തിച്ചു. ട്രംപ് ഇസ്രയേലിന്റെ ഏറ്റവും വലിയ സുഹൃത്താണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരുവരും തമ്മിൽ രണ്ട് ദിവസത്തിലൊരിക്കൽ സംസാരിക്കാറുണ്ടെന്നും വ്യക്തമാക്കി. അതേസമയം, യുദ്ധം അവസാനിപ്പിക്കേണ്ട രീതിയെക്കുറിച്ച് തന്ത്രപരമായ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.