മമ്മൂട്ടിയും സംവിധായകൻ ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാലോകത്ത് ചർച്ചകൾ കൊഴുക്കുന്നു. വലിയ ആവേശത്തോടെ ആരാധകർ ഈ വാർത്തയെ വരവേൽക്കുമ്പോഴും, ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. വയനാട് സന്ദർശനത്തിനിടെ മമ്മൂട്ടി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് ഹരീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.
വയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട സന്ദർശനത്തിനിടെ ഒരു പൊതുപ്രവർത്തകൻ കൂടെ നിന്നപ്പോൾ, “ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ” എന്ന് മമ്മൂട്ടി ചോദിച്ചിരുന്നു. ഈ വാക്കുകളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഹരീഷിന്റെ പരിഹാസം. മുൻപ് ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി (ഖാലിദ് റഹ്മാൻ) വീണ്ടും സിനിമ ചെയ്യുമ്പോൾ, താൻ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ എന്ന് മമ്മൂട്ടിക്ക് തോന്നാത്തത് എന്തുകൊണ്ടാണെന്ന് ഹരീഷ് ചോദിക്കുന്നു. തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്.
പ്രതീക്ഷയോടെ ‘മട്ടാഞ്ചേരി മാഫിയ’
‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് മട്ടാഞ്ചേരി മാഫിയ. ആസിഫ് അലി, നെസ്ലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ റെക്സ് വിജയൻ സംഗീതവും സുഷിൻ ശ്യാം പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. തല്ലുമാല, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ഈ ചിത്രം മാസ് എലമെന്റുകൾ നിറഞ്ഞ ഒന്നായിരിക്കുമെന്നാണ് സൂചന. നിയോഗ് കൃഷ്ണ, ഷറഫു-സുഹാസ്, തശ്രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
