പഞ്ചാബിലുടനീളമുളള ഗ്രാമങ്ങളില്‍ ജിമ്മുകള്‍ സ്ഥാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ അഞ്ഞൂറോളം ജിമ്മുകളാണ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉദ്ഘാടനം ചെയ്തത്. ലഹരിവ്യാപനം തടയാനും യുവാക്കളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാനും കായികരംഗത്ത് പങ്കാളിത്തം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ജിമ്മുകള്‍ ആരംഭിച്ചത്. ഫരീദ്‌കോട്ട് ജില്ലയിലെ ചന്ദ്ബജ ഗ്രാമത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും കായിക വിനോദങ്ങളിലൂടെ യുവാക്കളെ ലഹരിമരുന്നുകളില്‍ നിന്ന് അകറ്റി നിര്‍ത്താനും ലക്ഷ്യമിട്ടാണ് ജിമ്മുകള്‍ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. ലഹരിമരുന്നുകള്‍ക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധമാണ് കളികളും ഫിറ്റ്‌നസ് ട്രെയിനിങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ യുവാക്കളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുകയാണെന്നും ഒത്തൊരുമിച്ച് നമ്മുടെ സംസ്ഥാനത്തെ പുരോഗതിയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാമെന്നും ഭഗവന്ത് മന്‍ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായുളള സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായാണ് ജിമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. യുവാക്കള്‍ കായിക വിനോദങ്ങളിലേക്ക് തിരിയുന്നത് ലഹരി ഉപയോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും സ്‌പോര്‍ട്‌സ് ക്ലബുകള്‍ സ്ഥാപിക്കുമെന്ന് ആംആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. യുവജന ശാക്തീകരണത്തിലും ലഹരിമരുന്ന് നിര്‍മാര്‍ജ്ജനത്തിലും പ്രതിജ്ഞാബദ്ധമാണ് പാര്‍ട്ടിയെന്നും പഞ്ചാബിനെ മയക്കുമരുന്ന് മുക്തമാക്കുമെന്നും അതിന് ഇത്തരം സംരംഭങ്ങള്‍ സഹായിക്കുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
