ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനിടെ ചിലർ മെസ്സിയെ തൊടാനും കെട്ടിപ്പിടിക്കാനും ശ്രമിച്ചത് താരത്തെ അസ്വസ്ഥനാക്കിയെന്ന് പരിപാടിയുടെ മുഖ്യ സംഘാടകൻ സതാദ്രു ദത്ത പ്രത്യേക അന്വേഷണ സംഘത്തോട് (SIT) പറഞ്ഞു. ഈ അതൃപ്തി കാരണം നിശ്ചയിച്ച സമയം പൂർത്തിയാക്കുന്നതിന് മുൻപേ മെസ്സി സ്റ്റേഡിയം വിട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
സുരക്ഷാ വീഴ്ചയും വിഐപി കടന്നുകയറ്റവും മെസ്സിയുടെ ദേഹത്ത് സ്പർശിക്കരുതെന്ന വിദേശ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിർദ്ദേശം ലംഘിക്കപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സ്റ്റേഡിയത്തിൽ വെച്ച് ചിലർ മെസ്സിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചത് താരത്തിന് ഒട്ടും സ്വീകാര്യമായില്ല. കായിക മന്ത്രിയായിരുന്ന അരൂപ് ബിശ്വാസ് താരത്തോടൊപ്പം ചേർന്നുനിന്ന് ഫോട്ടോ എടുത്തതും, സ്വന്തം സ്വാധീനം ഉപയോഗിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും മെസ്സിക്ക് പരിചയപ്പെടുത്തിയതും വലിയ വിവാദമായിരുന്നു. വിമർശനങ്ങൾ ശക്തമായതോടെ അരൂപ് ബിശ്വാസ് മന്ത്രിസ്ഥാനം രാജിവെച്ചു.
മെസ്സിയുടെ സന്ദർശനത്തിനായി ആകെ 100 കോടി രൂപയാണ് ചിലവായതെന്ന് ദത്ത വെളിപ്പെടുത്തി. ഇതിൽ 89 കോടി രൂപ മെസ്സിക്ക് പ്രതിഫലമായും 11 കോടി രൂപ ഇന്ത്യൻ സർക്കാരിന് നികുതിയായും നൽകി. ഈ തുകയുടെ 30 ശതമാനം സ്പോൺസർഷിപ്പിലൂടെയും 30 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ് കണ്ടെത്തിയത്. എന്നാൽ ദത്തയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 20 കോടിയിലധികം രൂപ എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടം പോലീസ് പരിശോധിച്ചുവരികയാണ്.
ആരാധകരുടെ രോഷം വൻതുക നൽകി ടിക്കറ്റെടുത്ത ആയിരക്കണക്കിന് ആരാധകർക്ക് വിഐപി തിരക്ക് കാരണം മെസ്സിയെ കാണാൻ സാധിച്ചില്ല. ഇത് സ്റ്റേഡിയത്തിൽ സംഘർഷത്തിന് കാരണമാവുകയും ആരാധകർ സ്റ്റേഡിയത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തു. അനുവദിച്ച 150 ഗ്രൗണ്ട് പാസുകൾക്ക് പകരം വൻ സ്വാധീനമുള്ള ഒരാളുടെ ഇടപെടൽ മൂലം പാസുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചതാണ് ജനക്കൂട്ട നിയന്ത്രണം പാളാൻ കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് നിലവിൽ സുരക്ഷാ വീഴ്ചയെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷിക്കുന്നത്.
