ബിസിസിഐയുടെ പുതിയ വാർഷിക കരാറിൽ വൻ അഴിച്ചുപണികൾ നടന്നു. മുൻനിര താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇതിനുപുറമെ, മുൻപുണ്ടായിരുന്ന ‘എ പ്ലസ്’ വിഭാഗം ബിസിസിഐ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം വരെ കോഹ്‌ലി, രോഹിത്, ബുമ്ര, ജഡേജ എന്നിവർ എ പ്ലസ് കരാറിലായിരുന്നു ഉൾപ്പെട്ടിരുന്നത്.
പുതിയ കരാർ പ്രകാരം ടെസ്റ്റ്-ഏകദിന നായകൻ ശുഭ്‌മാൻ ഗിൽ ഗ്രേഡ് എ-യിലേക്ക് ഉയർത്തപ്പെട്ടു. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരും എ വിഭാഗത്തിലാണുള്ളത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവർക്കൊപ്പം ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, കെ.എൽ രാഹുൽ തുടങ്ങിയ താരങ്ങൾ ഗ്രേഡ് ബിയിൽ ഉൾപ്പെടുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് അയ്യർ ബി ഗ്രേഡിലൂടെ കരാറിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മലയാളി താരം സഞ്ജു സാംസൺ സി ഗ്രേഡ് കരാറിൽ തന്നെ തുടരുകയാണ്. സഞ്ജുവിനൊപ്പം തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ്മ തുടങ്ങിയ യുവതാരങ്ങളും സി ഗ്രേഡിലുണ്ട്. അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും സർഫറാസ് ഖാനെയും രജത് പാട്ടീദാറിനെയും ഇത്തവണത്തെ കരാറിൽ നിന്ന് പൂർണ്ണമായും തഴഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
