നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ താരങ്ങളുടെ ഞെട്ടിക്കുന്ന പ്രതിഫല കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിൽ രാമനായി വേഷമിടുന്ന രൺബീർ കപൂർ തന്റെ പ്രതിഫലത്തിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങൾക്കുമായി 150 കോടി രൂപയാണ് താരം വാങ്ങുന്നത് (ഒരു ഭാഗത്തിന് 75 കോടി). ‘ആനിമൽ’ എന്ന ചിത്രത്തിന് രൺബീർ വാങ്ങിയിരുന്ന 30-35 കോടിയിൽ നിന്നാണ് ഈ വലിയ വർദ്ധനവ്. സീതയായി എത്തുന്ന സായ് പല്ലവിക്ക് രണ്ട് ഭാഗങ്ങൾക്കുമായി 12 കോടി രൂപയാണ് പ്രതിഫലം. രാവണനായി വേഷമിടുന്ന കന്നഡ സൂപ്പർ താരം യഷ് 100 കോടി രൂപയും (രണ്ട് ഭാഗത്തിന്), ഹനുമാനായി എത്തുന്ന സണ്ണി ഡിയോൾ 20 കോടി രൂപയും കൈപ്പറ്റുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്മണനായി എത്തുന്ന രവി ദുബെയ്ക്ക് 4 കോടി രൂപയാണ് പ്രതിഫലം.
1000 കോടിയുടെ ഒടിടി ഡീൽ?
ഏകദേശം 4000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി അവകാശത്തിനായി 700 കോടി രൂപയുടെ ഓഫർ ലഭിച്ചെങ്കിലും നിർമ്മാതാവ് നമിത് മൽഹോത്ര അത് നിരസിച്ചതായാണ് വിവരം. 1000 കോടി രൂപയെങ്കിലും ഒടിടി റൈറ്റ്സ് വഴി ലഭിക്കണമെന്നാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. മറ്റ് റൈറ്റ്സുകൾ വഴി തന്നെ ചിത്രത്തിന്റെ ഭീമമായ ബജറ്റ് തിരിച്ചുപിടിക്കാനാണ് നിർമ്മാതാക്കളുടെ നീക്കം.
ടീസറും വിഎഫ്എക്സ് വിവാദവും
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ രൺബീർ കപൂറിന്റെ ഗംഭീര മേക്കോവർ കൊണ്ട് ശ്രദ്ധേയമായെങ്കിലും വിഷ്വൽ ഇഫക്ട്സിനെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ ചില ദൃശ്യങ്ങൾ എഐ നിർമ്മിതം പോലെ തോന്നിക്കുന്നുവെന്നും 4000 കോടി ബജറ്റുള്ള സിനിമയ്ക്ക് അനുയോജ്യമായ നിലവാരമില്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. വിഎഫ്എക്സ് ഇനിയും മെച്ചപ്പെടുത്തണമെന്നാണ് ഭൂരിഭാഗം സിനിമാ പ്രേമികളുടെയും അഭിപ്രായം.
