
തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ യുഎസ് സൈന്യത്തിന്റെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ. യുഎസ് സൈന്യം ഉപയോഗിക്കുന്ന ഏറ്റവും ആധുനികവും സ്മാർട്ടുമായ ആളില്ലാ മുങ്ങിക്കപ്പലുകളിലൊന്നായ ‘ഡൈവ്-എൽഡി’ (Dive-LD) ആണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ അവകാശവാദം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ (IRGC) ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാഹ് ന്യൂസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
വളരെ സങ്കീർണമായ രഹസ്യാന്വേഷണ നീക്കത്തിലൂടെയാണ് ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതെന്ന് ഇറാൻ നാവികസേന വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനത്തിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. അതേസമയം, ഹോർമുസ് കടലിടുക്കിന് മുകളിൽ പറന്നിരുന്ന യുഎസ് സൈന്യത്തിന്റെ എംക്യു-9 റീപ്പർ ഡ്രോൺ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായും IRGC അവകാശപ്പെട്ടു.
ഇറാന്റെ അവകാശവാദത്തിന് പിന്നാലെ യുഎസ് സൈന്യവും പ്രതികരണവുമായി രംഗത്തെത്തി. പ്രാദേശിക ജലപരിധിയിൽ നിരീക്ഷണ ദൗത്യത്തിനിടെ ഒരു ആളില്ലാ അണ്ടർവാട്ടർ ഡ്രോൺ ‘തകരാറിലായതായി’ പെന്റഗൺ വക്താവ് അറിയിച്ചു. എന്നാൽ ഇറാൻ പിടിച്ചെടുത്തതായി പറയുന്ന അതേ ഉപകരണമാണോ ഇതെന്ന് യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തെ സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ജലപരിധി പരിശോധിക്കുന്നതിനിടെയാണ് ഡ്രോൺ തകരാറിലായതെന്ന് പെന്റഗൺ വ്യക്തമാക്കിയത്. തകരാറിലായത് പഴയ മോഡലിലുള്ള ഉപകരണമായിരുന്നെന്നും അതിൽ സെൻസിറ്റീവ് വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനങ്ങളോ രഹസ്യ സോണാർ, റഡാർ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്നും യുഎസ് സൈന്യം അറിയിച്ചു.
കടലിന്റെ വിശാലമായ മേഖലകൾ നിരീക്ഷിക്കുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ശത്രുരാജ്യങ്ങളുടെ കപ്പലുകളും അന്തർവാഹിനികളും നിരീക്ഷിക്കുന്നതിനുമായി ആളില്ലാ നാവിക സംവിധാനങ്ങളിൽ യുഎസ് വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. സൈനികരെ നേരിട്ട് അപകടത്തിലാക്കാതെ ഇത്തരം ദൗത്യങ്ങൾ നിർവഹിക്കാമെന്നതാണ് ആളില്ലാ സംവിധാനങ്ങളുടെ പ്രധാന നേട്ടം.
