യാത്രാ സമയത്ത് കൈവശം എത്ര സ്വർണവും പണവും വെയ്ക്കാം; വ്യക്തത വരുത്തി ഖത്തർ

ദോഹ: യാത്രാ സമയത്ത് കൈവശം വെയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്. 50,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ വിലപിടിപ്പുള്ള രേഖകളോ, സ്വർണമോ, മൂല്യമേറിയ രത്നങ്ങളോ കൈവശം വയ്ക്കുന്നവർ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം.

വിമാനത്താവളത്തിലോ കര അതിർത്തിയിലോ സമുദ്ര തുറമുഖങ്ങളിലോ നേരിട്ടോ അല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചിരിക്കണം. ഇതേ മൂല്യമുള്ള ഇതര കറന്‍സികള്‍ ആണെങ്കിലും ഡിക്ലറേഷന്‍ ഇല്ലാതെ കൈവശം വെക്കാൻ പാടില്ല.

ഡോക്യുമെന്‍റ് രൂപത്തിലുള്ള സാമ്പത്തിക ഇടപാടുകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, പണമിടപാട് ഓർഡറുകൾ എന്നിവയും ഇതിലുൾപ്പെടും. ലോഹങ്ങളുടെ വിഭാഗത്തിൽ സ്വർണം, വെള്ളി, പ്ലാറ്റിനം പോലുള്ളവയും വജ്രം, മരതകം, മാണിക്യം, മുത്തുകൾ തുടങ്ങിയ കല്ലുകള്‍ക്കും നിയമം ബാധകമാണ്.

അതേസമയം കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പിടികൂടിയ മൂല്യമേറിയ വസ്തുവിന് പുറമേ പിടിച്ചെടുത്തതിന്റെ ഇരട്ടി മൂല്യമുള്ള തുകയും പിഴ ചുമത്തിയേക്കും.

More From Author

Leave a Reply

Your email address will not be published. Required fields are marked *