Home » Blog » kerala Mex » യാത്രക്കാർ ശ്രദ്ധയ്ക്ക്! ടോൾ പ്ലാസകളിൽ കാഷ് പേയ്‌മെന്റ് നിർത്തുന്നു; ഏപ്രിൽ 10 മുതൽ പുതിയ മാറ്റങ്ങൾ
tollpass-680x450

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ 10 മുതൽ പണമിടപാടുകൾ പൂർണ്ണമായും നിർത്തലാക്കുന്നു. ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന നീക്കം. ഇനി മുതൽ ഫാസ്‌ടാഗ്, യുപിഐ തുടങ്ങിയ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ മാത്രമേ ടോൾ നൽകാൻ സാധിക്കൂ. 1,150-ലധികം ടോൾ പ്ലാസകളിൽ ഗതാഗതം സുഗമമാക്കാനും വാഹനങ്ങളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ മാറ്റം നടപ്പിലാക്കുന്നത്.

ഡിജിറ്റൽ മാറ്റത്തിനൊപ്പം തന്നെ ദേശീയപാതകളിലെ ടോൾ നിരക്കിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. കാർ ഉടമകൾക്ക് ഏകദേശം 10 ശതമാനം വരെയാണ് ടോൾ നിരക്ക് വർദ്ധിക്കുക. ഉത്തർപ്രദേശിലെ എക്സ്‌പ്രസ് വേകളിലും 1.50 ശതമാനം മുതൽ 3.50 ശതമാനം വരെ വർദ്ധനവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ പ്രകാരം ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ്‌വേയിൽ കാറുകൾക്കും എസ്‌യുവികൾക്കും ഇനി മുതൽ 675 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 335 രൂപയും നൽകേണ്ടി വരും.

ഉത്തർപ്രദേശിലെ മറ്റ് പ്രധാന എക്സ്‌പ്രസ് വേകളിലും ഈ മാറ്റം പ്രതിഫലിക്കും. ഗോരഖ്‌പൂർ ലിങ്ക് എക്‌സ്‌പ്രസ്‌വേയിൽ നാലുചക്ര വാഹനങ്ങൾക്ക് 295 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 145 രൂപയുമായി നിരക്ക് ഉയർത്തി. വാണിജ്യ വാഹനങ്ങൾക്കും ഹെവി മൾട്ടി ആക്സിസ് വാഹനങ്ങൾക്കും ഈ വർദ്ധനവ് ബാധകമാണ്. ടോൾ പ്ലാസകളിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് ഡിജിറ്റൽ പേയ്‌മെന്റുകൾ നിർബന്ധമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.