മ്യൂസിയങ്ങളുടെ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം പ്രധാനം ; രാമചന്ദ്രൻ കടന്നപ്പള്ളി

തിരുവനന്തപുരം : ചരിത്രയാഥാർഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളായ മ്യൂസിയങ്ങളുടെ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം പ്രധാനമാണെന്നും ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യകത ഏറെയാണെന്നും പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന സർക്കാർ മ്യൂസിയങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. അതോടൊപ്പം പൊതുജനങ്ങളും മ്യൂസിയങ്ങൾ ഉൾപ്പടെയുള്ള ചരിത്രശേഷിപ്പുകളുടെ സംരക്ഷണത്തിന് സഹകരിക്കണം. അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മ്യൂസിയങ്ങൾ മഹത്തായ പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെ ശേഷിപ്പുകളാണ്. അതിന്റെ പ്രാധാന്യം മനസിലാക്കി കേരളത്തിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങളുടെ ശൃംഖല തന്നെ സംസ്ഥാന സർക്കാർ സ്ഥാപിച്ചു. മ്യൂസിയങ്ങളെ അവലോകനം ചെയ്യുന്നതിനും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി മ്യൂസിയം കമ്മീഷനും സാധ്യമാക്കിയിട്ടുണ്ട്. ചരിത്ര സൂക്ഷിപ്പുകൾക്ക് വളരെ പ്രാധാന്യമുള്ള കാലത്താണ് നമ്മൾ ഇന്നുള്ളത്. മ്യൂസിയങ്ങളെ വെറും കാഴ്ച ബംഗ്ലാവുകളായി കണ്ടിരുന്ന സാഹചര്യങ്ങൾക്ക് ഇന്ന് മാറ്റമുണ്ടായിട്ടുണ്ട്. ചരിത്രം പഠിക്കുന്നതിനും ഭൂതകാലത്തെ സാഹചര്യങ്ങൾ മനസിലാക്കുന്നതിനുമുള്ള അക്കാദമിക, ഗവേഷണ ഇടങ്ങളായി മ്യൂസിയങ്ങൾ വികസിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള മ്യൂസിയം പ്രവർത്തകർ ചേർന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് (ICOM) സംഘടന രൂപീകരിക്കുകയും 1977 മുതൽ എല്ലാ വർഷവും മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിച്ചു വരികയുമാണ്. സാമൂഹ്യവികാസത്തിൽ മ്യൂസിയങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഈ രംഗത്തെ വെല്ലുവിളികളെ കുറിച്ചും സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യാനും അവബോധം സൃഷ്ടിക്കാനുമാണ് സംസ്ഥാനത്തും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കൗൺസിലർ പാളയം രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. വേണു വി, പുരാവസ്തു ഡയറക്ടർ ഡോ. ഇ ദിനേശൻ, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി പി എസ്, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി എസ്, കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *