ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ പഞ്ചാബ് കിങ്‌സിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ, ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ. നിർണ്ണായക ഘട്ടത്തിൽ ശുഭ്മാൻ ഗില്ലിനെയും ജോസ് ബട്ലറെയും പുറത്താക്കി മത്സരഗതി മാറ്റിയ ചാഹലിന്റെ തന്ത്രപരമായ മികവാണ് പഞ്ചാബിന് തുണയായതെന്ന് കുംബ്ലെ വിലയിരുത്തി.
മത്സരത്തിൽ നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ചാഹലിന്റെ ബൗളിംഗ് സ്പെൽ ഗുജറാത്തിനെ 162 റൺസിലൊതുക്കാൻ സഹായിച്ചു. ചാഹലിന്റെ ബുദ്ധിവൈഭവത്തെക്കുറിച്ച് കുംബ്ലെ പറഞ്ഞത് ഇങ്ങനെ. “വളരെ ബുദ്ധിമാനായ ബൗളറാണ് ചാഹൽ. പന്തിന്റെ വേഗതയിലും ലൈനിലും ലെങ്തിലും കൃത്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് സാധിക്കുന്നു. ഗ്രൗണ്ടിന്റെ വലിപ്പക്കൂടുതലുള്ള വശങ്ങൾ മനസ്സിലാക്കി ബാറ്റർമാരെ പ്രകോപിപ്പിക്കുന്ന വൈഡ് പന്തുകൾ എറിഞ്ഞത് മികച്ച തന്ത്രമായിരുന്നു.
അപകടകാരികളായ ഗില്ലും ബട്ലറും ക്രീസിലുറയ്ക്കുന്ന ഘട്ടത്തിലാണ് ചാഹൽ അവരെ മടക്കിയത്. ഇത് ഗുജറാത്തിന്റെ ഇന്നിംഗ്‌സ് തകരാൻ കാരണമായെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി. അതേസമയം, ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിംഗ് പ്ലാനിംഗിലെ പാകപ്പിഴകളെ കുംബ്ലെ വിമർശിക്കുകയും ചെയ്തു. മുൻ പേൾ ക്യാപ് ജേതാവായ പ്രസിദ്ധ് കൃഷ്ണയെ 13-ാം ഓവർ വരെ പന്തേൽപ്പിക്കാതിരുന്ന നീക്കം അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നിംഗ്‌സിന്റെ മധ്യ ഓവറുകളിൽ പ്രസിദ്ധിനെ ഉപയോഗിക്കാതിരുന്നതാണ് അവസാന ഓവറിൽ റൺസ് വഴങ്ങാൻ കാരണമായതെന്നും കുംബ്ലെ നിരീക്ഷിച്ചു. പ്രസിദ്ധ് കൃഷ്ണയെപ്പോലൊരു ബൗളറെ പത്താം ഓവറിന് മുൻപ് തന്നെ ആക്രമണത്തിന് നിയോഗിക്കണമായിരുന്നുവെന്നും കുംബ്ലെ കൂട്ടിച്ചേർത്തു.
