Home » Blog » kerala Max » മിന്നൽ പ്രളയം വിതച്ച വൻ ദുരന്തം; അഞ്ഞൂറിലധികം പേർ മരിച്ചതായി സ്ഥിതിവിവരക്കണക്കുകൾ, ഡാം തകർച്ചയിൽ ഭീതി
flood-1

<strong>കാഠ്മണ്ഡു</strong>: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി – ത്രിശൂലി നദികളിലുണ്ടായ പ്രളയത്തില്‍ ജീവന്‍നഷ്ടമായ 538 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതുവരെ 1,545പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം ത്രിശൂലി നദീ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ നിലവില്‍ ത്രിശൂലി തീരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്ത് അഞ്ച് പേരുടെ മരണം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 558 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്.ഇതിനിടയില്‍ ടിബറ്റിലെ ഒരു ഡാം തകര്‍ന്നത് ആശങ്ക ഇരട്ടിപ്പിച്ചിരിക്കുകയാണ്.

പ്രദേശവാസികളോടും രക്ഷാപ്രവര്‍ത്തകരോടും ഉയരം കൂടിയ ഇടങ്ങളിലേക്ക് മാറണമെന്നാണ് നേപ്പാള്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചൈനയിലുള്ള ഒരു തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചൈന രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.നേപ്പാളിലെ പ്രളയത്തില്‍ ഒഴുകി വന്ന അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടായ താത്കാലിക തടാകമാണ് ഇത്. ചോച്ചന്‍ ഖോല, പുരേപു സാംഗോ നദികളുടെ സംഗമ സ്ഥാനത്താണ് ഈ തടാകം രൂപം കൊണ്ടത്.ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.

വ്യാഴാഴ്ച അര്‍ധരാത്രിവരെ നേപ്പാളിലുള്ള 290ഓളം ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ത്രിശൂലി -1 പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു 63 ഇന്ത്യക്കാരായ ജീവനക്കാരെയും തമിഴ്‌നാട്ടില്‍ നിന്നുള്ള 21 പേരെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 26നാണ് നേപ്പാള്‍ – ചൈന അതിര്‍ത്തിയിലെ രാസുവ ജില്ലയില്‍ മിന്നല്‍ പ്രളയമുണ്ടായത്. ഭോട്ടേകോശി – ത്രിശൂലി നദികള്‍ കരകവിഞ്ഞൊഴുകിയതോടെ വീടുകളും റോഡുകളും പാലങ്ങളുമടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി.

Leave a Reply

Your email address will not be published. Required fields are marked *