Home » Blog » kerala Mex » മാത്സരത്തിന്റെ ഗതി മാറിയത് പിച്ചിലല്ല, അത് സഞ്ജുവിലാണ്’; ലൈവ് കമന്ററിക്കിടെ ആകാശ് ചോപ്രയെ തിരുത്തി സുരേഷ് റെയ്ന
sanju-samson-680x450

ന്ത്യ-സിംബാബ്‌വെ ടി20 ലോകകപ്പ് മത്സരത്തിന്റെ തത്സമയ കമന്ററിക്കിടെ സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുൻ താരം സുരേഷ് റെയ്ന. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ മികച്ച തുടക്കത്തിന് കാരണം ബാറ്റിംഗിന് അനുകൂലമായ പിച്ചാണെന്ന ആകാശ് ചോപ്രയുടെ നിരീക്ഷണത്തെ തിരുത്തിയാണ് റെയ്ന രംഗത്തെത്തിയത്. ടോപ്പ് ഓർഡർ ബാറ്റർമാർ താളം കണ്ടെത്തിയതും പിച്ചിലെ മാറ്റവുമാണ് റൺസ് ഒഴുകാൻ കാരണമെന്ന് ആകാശ് ചോപ്ര പറഞ്ഞപ്പോൾ, പിച്ച് പഴയതുപോലെ തന്നെയാണെന്നും യഥാർത്ഥ മാറ്റം സഞ്ജു സാംസൺ ഓപ്പണറായി എത്തിയതാണെന്നുമായിരുന്നു റെയ്നയുടെ മറുപടി. സഞ്ജു നൽകിയ കരുത്തുറ്റതും പോസിറ്റീവുമായ തുടക്കമാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് റെയ്ന അടിവരയിട്ടു പറഞ്ഞു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ 48 റൺസാണ് കൂട്ടിച്ചേർത്തത്. സഞ്ജു നൽകിയ ആത്മവിശ്വാസവും വേഗതയും പിന്നീട് വന്ന ബാറ്റർമാർക്ക് കരുത്തായി. നേരത്തെ ആർ. അശ്വിനും സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സഞ്ജുവിന് ഫൈനൽ വരെ ഇത്തരത്തിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞാൽ ഇന്ത്യൻ ടീമിന് ആവശ്യമുള്ളത് കൃത്യമായി ലഭിക്കുമെന്നും, ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു വലിയ സ്കോറുകൾ നേടുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അശ്വിൻ വ്യക്തമാക്കി. സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു വലിയ നിമിഷമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ നേടിയ വൻ വിജയത്തിന് സഞ്ജുവിന്റെ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലി വലിയ അടിത്തറയാണ് പാകിയത്. അഭിഷേക് ശർമയും മറ്റു താരങ്ങളും ഈ തുടക്കം മുതലാക്കിയതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് എത്തുകയായിരുന്നു. പിച്ചിന്റെ സ്വഭാവത്തേക്കാൾ ഉപരിയായി സഞ്ജു സാംസൺ എന്ന ബാറ്ററുടെ സാന്നിധ്യമാണ് ടീമിന് പുതിയ ഊർജ്ജം നൽകിയതെന്ന സുരേഷ് റെയ്നയുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സഞ്ജുവിന്റെ ഫോം വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിലും ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.