Home » Blog » Kerala » “മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വത്തിൽനിന്ന് പുറത്താക്കാം, വയോജന ട്രിബ്യൂണലിന് അതിനുള്ള അധികാരമുണ്ട്” – നിർണായക വിധിയുമായി സുപ്രീം കോടതി
14

ന്യൂഡൽഹി: വാർധക്യത്തിൽ മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കാതെ അവഗണിക്കുന്ന മക്കളെ, ആവശ്യമെങ്കിൽ അവരുടെ സ്വത്തിൽനിന്ന് പുറത്താക്കാൻ വയോജന ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. മുതിർന്നവരുടെ സംരക്ഷണവും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധിയാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചത്.

വാർധക്യത്തിൽ അവഗണനയും അരക്ഷിതാവസ്ഥയും അപമാനവും നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം, 2007 കൊണ്ടുവന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം വ്യാഖ്യാനിക്കുമ്പോൾ മുതിർന്നവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. മുതിർന്നവർക്ക് നൽകുന്ന അന്തസ്സും ബഹുമാനവും സുരക്ഷയുമാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ അളവുകോലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഉത്തർപ്രദേശ് സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ 81കാരിയായ മാതാവിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മകനുമായി നടത്തിയ നിയമപോരാട്ടത്തിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. രവികാന്ത് ഗുപ്ത സ്വന്തമായി വാങ്ങിയ വീട്ടിലാണ് മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നത്. എന്നാൽ പിന്നീട് കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ ബലംപ്രയോഗിച്ച് വീട്ടിൽനിന്ന് മാറ്റി ഓൾഡ് ഏജ് ഹോമിലേക്ക് കൊണ്ടുപോയെന്നാണ് കേസ്.

തുടർന്ന് രവികാന്ത് ഗുപ്ത സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് അധ്യക്ഷനായ മെയിന്റനൻസ് ട്രിബ്യൂണലിനെ സമീപിച്ചു. മകനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ട്രിബ്യൂണൽ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ട്രിബ്യൂണലിന്റെ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഇതോടെയാണ് രവികാന്ത് ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. വൃദ്ധയായ മുത്തശ്ശിയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. മുതിർന്ന പൗരന്മാരുടെ സ്വത്തവകാശം മാത്രമല്ല, അവരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കപ്പെടുന്നുണ്ടോ? എന്നതും നിയമം ഉറപ്പാക്കേണ്ടതുണ്ടെന്ന സുപ്രധാന സന്ദേശമാണ് വിധിയിലൂടെ സുപ്രീം കോടതി നൽകുന്നത്.