മസ്കിന് തിരിച്ചടി; ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ രാജിവെച്ചു

ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ മിലാന്‍ കോവാക് രാജിവെച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജിവെക്കുന്നത് എന്നാണ് വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. എന്നാല്‍ ഇതുമായി രാജിക്ക് ബന്ധമില്ലെന്ന് കോവാക് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിലെ പ്രധാന മേഖലകളെന്ന് വിലയിരുത്തി ഓട്ടോണമസ് സാങ്കേതികവിദ്യയിലും റോബോട്ടിക്സിലും ടെസ്ല ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിര്‍ണായക സമയത്തെ രാജി കമ്പനിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ഒമ്പത് വര്‍ഷത്തിലേറെയായി കോവാക് ടെസ്ലയിലുണ്ട്, 2024 സെപ്റ്റംബറില്‍ ഒപ്ടിമസ് പ്രോഗ്രാമിന്റെ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ടെസ്ല ഈ വര്‍ഷം വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഒപ്ടിമസ് റോബോട്ടിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായകമായി കണക്കാക്കപ്പെട്ടിരുന്നു. നിലവില്‍ ടെസ്ലയുടെ ഓട്ടോപൈലറ്റ് ടീമിനെ നയിക്കുന്ന അശോക് ഇല്ലുസ്വാമി കോവാകിന്റെ ചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റോബോട്ട് ഉത്പാദനത്തിന് നിര്‍ണായകമായ റെയര്‍ എര്‍ത്ത് മാഗ്‌നറ്റുകള്‍ക്കുമേല്‍ ചൈന ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള ടെസ്ല നേരിടുന്ന വെല്ലുവിളികള്‍ക്കിടയിലാണ് കോവാകിന്റെ പിന്മാറ്റം.

കഴിഞ്ഞ 9 വര്‍ഷത്തിലേറെയായി എ.ഐ- എന്‍ജിനീയറിംഗ് മേഖലകളിലെ ഏറ്റവും മികച്ചവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ചു. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ സ്ഥാപിച്ചു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നുവെന്നാണ് കോവാക് രാജിക്കത്തില്‍ പറയുന്നത്. വളരെക്കാലമായി വീട്ടില്‍ നിന്ന് അകലെയായിരുന്നു. വിദേശത്തുള്ള കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം. ഇതാണ് രാജിക്കുള്ള ഒരേയൊരു കാരണം. മറ്റൊന്നുമായും അതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഓട്ടോപൈലറ്റ് സംവിധാനങ്ങള്‍ ലോകമെമ്പാടുമുള്ള നിരവധി പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കിപ്പോള്‍ ഓട്ടോപൈലറ്റ് കൂടാതെ അധികം വാഹനം ഓടിക്കാന്‍ കഴിയില്ല. ഇത് ഉടന്‍ ലോകത്തെ അമ്പരപ്പിക്കുകയും ആളുകള്‍ യാത്ര ചെയ്യുന്ന രീതിയെ വലിയ തോതില്‍ മാറ്റുകയും ചെയ്യും. ഒപ്ടിമസിനെ ടെസ്ല അടുത്ത തലത്തിലേക്ക് കൊണ്ടുപോകും എന്നതില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. അതിന് എന്റെ പിന്മാറ്റം അതിന് ഒരു മാറ്റവും വരുത്തില്ല. ടെസ്ല വിജയിക്കും, ഞാന്‍ ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *