സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കേരള തീരത്തിന് സമീപമായി ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതും, അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് മഴ കനക്കാൻ കാരണം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മത്സ്യബന്ധന നിരോധനം പിൻവലിച്ചിട്ടുണ്ട്.
