തിരുവനന്തപുരം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ കോടതി കൂടുതൽ ഉത്തരവുകൾ നടപ്പാക്കിയാലും എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പത്ത് വർഷം ഭരിച്ചിട്ടും വിഷയത്തിൽ എത്തിനോക്കാത്ത ഇടത് മന്ത്രിസഭയിലെ മന്ത്രിമാർ സമരപ്പന്തലിൽ ചെന്നത്, തന്നെ അത്ഭുതപ്പെടുത്തിയെന്നും കുടുംബങ്ങൾക്ക് സർക്കാർ സംരക്ഷണമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു.ഖേൽക്കറെ നിയമിച്ചതിൽ തെറ്റില്ലെന്നും ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
“രത്തൻ ഖേൽക്കറെ നിയമിച്ചതിൽ എന്താണ് വിവാദമാക്കാനെന്ന് ഇതുവരെയും മനസിലായിട്ടില്ല. സ്വാഭാവിക നടപടിയായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗത്തിൽ ആ വിഷയം വിഷദീകരിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയടക്കമുള്ള മന്ത്രിമാർ ഇക്കാര്യത്തിൽ പിന്തുണയറിയിച്ചിട്ടുണ്ട്. ബംഗാളിലേത് പോലുള്ള സാഹചര്യമല്ല കേരളത്തിലെതെന്ന് ചിന്തിച്ചാൽ കെട്ടുപോകുന്ന വിവാദമാണ് നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.” – മുഖ്യമന്ത്രി വിശദമാക്കി.
“മുൻ മന്ത്രിസഭയിലെ അംഗങ്ങൾ തന്നെ നോമിനേറ്റ് ചെയ്ത് കൊണ്ടുവന്ന രത്തൻ ഖേൽക്കർ യു.ഡി.എഫിനെ അധികാരത്തിൽ കയറാൻ സഹായിച്ചെന്ന് പറയുന്നതിൽ എന്തുമാത്രം വൈരുധ്യമുണ്ട്. ഇതെങ്ങനെ ശരിയാകും? 102 സീറ്റുകൾ നേടിയെടുത്ത്, മികച്ച പ്രകടനത്തോടെ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നതിൽ അദ്ദേഹത്തിനെന്താണ് പങ്ക്? അദ്ദേഹത്തിന്റെ മികച്ച ട്രാക്ക് റെക്കോർഡ് പരിഗണിച്ചാണ് നിയമിച്ചത്. തികച്ചും സ്വാഭാവിക നിഗമനം. നല്ല മുൻ പരിചയമുള്ള ഉദ്യോഗസ്ഥനാണ് കേൽക്കർ. കലക്ടർമാരെ നിയമിച്ചത് സീനിയോറിറ്റി അനുസരിച്ചാണ്.” അദ്ദേഹം പറഞ്ഞു.
“മലയിടംതുരുത്തിൽ കോടതി കൂടുതൽ ഉത്തരവുകൾ നടപ്പാക്കിയാലും എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ല. അവർക്ക് സർക്കാർ സംരക്ഷണമൊരുക്കും. 14 പ്രാവശ്യം ആ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ പോയപ്പോൾ മുൻ സർക്കാർ എന്താണ് ചെയ്തത്? അത്തരം പ്രതിസന്ധി ഘട്ടങ്ങളിലൊന്നും കൂടെയില്ലാത്ത ഇടത്പക്ഷം പ്രതിപക്ഷത്തെത്തിയപ്പോൾ അവിടെ പോകുന്നുവെന്നത് എന്തുമാത്രം വിരോധാഭാസമാണ്. അവിടെ എന്തുതന്നെ സംഭവിച്ചാലും ആ കുടുംബങ്ങൾക്ക് സർക്കാർ സംരക്ഷണമൊരുക്കും.” – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എ.പി അനിൽകുമാറിന്റെ മകന്റെ കല്യാണത്തിനായി ഗുരുവായൂരിലെത്തിയത് സംബന്ധിച്ചുണ്ടായ വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി പറഞ്ഞു. . ഗുരുവായൂരിലെത്തിയത് നാല് പേരോടൊത്താണെന്നും തന്റെ സന്ദർശനം കാരണം ആർക്കും ദർശനം കിട്ടാതെ ഇരുന്നിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
ഗൺമാൻമാരുടെ മർദനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വരട്ടെയെന്നും എന്നിട്ടാവാം പ്രതികരണമെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സസ്പെൻഷനായി കഴിയുകയായിരുന്ന ഉദ്യോഗസ്ഥരുടെ കാര്യം പരിശോധിച്ചുവരുന്നുണ്ടെന്നും മുനമ്പത്തെ രണ്ട് മതവിഭാഗങ്ങളിലുള്ളവരെ ശത്രുക്കളാക്കാനുള്ള ശ്രമങ്ങൾക്ക് കഴിഞ്ഞ സർക്കാർ കൂട്ടുനിന്നെന്നും സതീശൻ കൂട്ടിച്ചേർത്തു.
