മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ. തങ്ങളുടേത് എന്നും ഒരു പാർട്ടി കുടുംബമാണെന്നും പാർട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഇതുവരെ പാർട്ടി തലത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അത്തരമൊരു കാര്യത്തെക്കുറിച്ച് താൻ നിലവിൽ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ഛനുമായി വൈകാരികമായി വലിയ ബന്ധമുള്ള മണ്ഡലമാണ് മലമ്പുഴയെന്ന് അരുൺകുമാർ അനുസ്മരിച്ചു. മലമ്പുഴയിൽ എ. സുരേഷ് മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരസാധ്യതകളെ പൂർണ്ണമായി തള്ളിക്കളയാതെയുള്ള അരുൺകുമാറിന്റെ വാക്കുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
