സംസ്ഥാന സർക്കാർ നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി മദ്യത്തിന്റെ പേരിനെ സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമാകുന്നു. ‘മലബാർ മിസ്റ്ററി’ എന്നാണ് പുതിയ മദ്യത്തിന് പേര് നൽകിയിരിക്കുന്നത്. പാലക്കാട് ചിറ്റൂരിലുള്ള മലബാർ ഡിസ്റ്റിലറിയിൽ (മുൻപ് മേനോൻ ഡിസ്റ്റിലറി) നിന്നാണ് ഈ പുതിയ ബ്രാൻഡി വിപണിയിലെത്തുക. ഫെബ്രുവരി 21-ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും വിപണനോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും.
വിപണിയിലെ പ്രീമിയം ബ്രാൻഡുകളോട് കിടപിടിക്കുന്ന ഗുണമേന്മയും എന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്ന കുറഞ്ഞ വിലയുമാണ് ‘മലബാർ മിസ്റ്ററി’യുടെ പ്രത്യേകതയായി സർക്കാർ അവകാശപ്പെടുന്നത്. ഈ മാസം അവസാനത്തോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മദ്യം പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും.
പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള സർക്കാർ നീക്കം വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. മദ്യത്തിന് പേര് നൽകുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച പരസ്യം, സർക്കാർ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആക്ഷേപത്തിന് ഇടയാക്കി. ഇതിനെതിരെ ലഭിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
