കൊല്ലത്ത് വെച്ച് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഭവം അന്വേഷിക്കുക. തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ചടങ്ങിനിടെയുണ്ടായ സുരക്ഷാവീഴ്ചയും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവും വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഉന്നതതല അന്വേഷണത്തിലേക്ക് പോലീസ് കടന്നത്.
എന്നാൽ, തന്റെ തലയിൽ പായസം വീണതിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്നും അത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. സംസ്ഥാനത്ത് എത്രയോ വലിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുണ്ടെന്നും, ഒരു പരാതി കിട്ടിയതുകൊണ്ട് പോലീസ് അന്വേഷിക്കാൻ തീരുമാനിച്ചതാകാമെന്നും അവർ പറഞ്ഞു. അന്വേഷിക്കാൻ മാത്രം വലിയ സംഭവമൊന്നും അതിലില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന ‘പ്രിയദർശിനി സൗജന്യ യാത്ര’യുടെ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ കടുത്ത തിക്കിലും തിരക്കിലും പെട്ടാണ് മന്ത്രിക്ക് പൊള്ളലേറ്റത്. ചടങ്ങിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസ വിതരണം നടക്കുന്നുണ്ടായിരുന്നു. ബസിനുള്ളിൽ വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ മറ്റാരുടെയോ കൈതട്ടി ചൂടുപായസം മന്ത്രിയുടെ തലയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് മന്ത്രി പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതും ഒപ്പമുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് പായസം തുടച്ചുമാറ്റുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
