കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ എഫ്‌സിആർഎ ഭേദഗതിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ജനാധിപത്യ രാജ്യത്തിന് നിരക്കാത്ത രീതിയിലുള്ള ഭേദഗതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും സുതാര്യതയില്ലാതെ കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നിലപാടിനെ ബ്രിട്ടാസ് രൂക്ഷമായി പരിഹസിച്ചു. “ക്രൈസ്തവ ലേബലിൽ മന്ത്രിസ്ഥാനം നേടിയ ജോർജ് കുര്യൻ ഇപ്പോൾ ഈ സമൂഹത്തെ ബാധിക്കുന്ന വിഷയത്തിൽ പുറംതിരിഞ്ഞു നിൽക്കുകയാണ്. അൽപ്പമെങ്കിലും ഉളുപ്പുള്ളവർ ഇത്തരത്തിൽ പെരുമാറില്ല,” ബ്രിട്ടാസ് പറഞ്ഞു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടാൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്നും ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സിബിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാർക്കും നിവേദനം നൽകിയിട്ടുണ്ട്. ബില്ല് വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നാണ് സഭയുടെ ആവശ്യം. നിയമം നടപ്പിലായാൽ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമെന്നും ഇത് എൻജിഒകളെയും മറ്റ് സംഘടനകളെയും വരുതിയിലാക്കാനുള്ള നീക്കമാണെന്നും സഭ ആരോപിക്കുന്നു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്നും സഭാ നേതൃത്വം മുന്നറിയിപ്പ് നൽകി.
