Home » Blog » Kerala » മത്തിയുടെ ലഭ്യത കുറയാൻ സാധ്യത; എൽ നിനോ മുന്നറിയിപ്പുമായി സിഎംഎഫ്ആർഐ
images (65)

കൊച്ചി: സമുദ്ര ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്ന ‘എൽ നിനോ’ പ്രതിഭാസം അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ വലിയ ഇടിവുണ്ടാക്കിയേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മുന്നറിയിപ്പ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന് കരുതുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളോടെ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് സിഎംഎഫ്ആർഐ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ മത്തിയുടെ ലഭ്യതയിൽ വർധനവുണ്ടെങ്കിലും, വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മത്സ്യങ്ങളെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. ഇത് രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യത കുറയാൻ ഇടയാക്കും. കൂടാതെ, സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും കാരണമാകുന്നുണ്ട്. ഇത് ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ പ്രജനനത്തെയും ലഭ്യതയെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

എൽ നിനോയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമായി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ ഈ വർഷം തന്നെ പുറപ്പെടുവിക്കുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും ലവണാംശത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇത് മത്സ്യകൃഷിയെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ മത്സ്യകർഷകർ ജാഗ്രത പാലിക്കണമെന്ന് സിഎംഎഫ്ആർഐ നിർദേശിച്ചു.

 

ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ, തീരദേശ മത്സ്യകൃഷി, കൂട് കൃഷി, മത്സ്യവിത്തുൽപ്പാദനം, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണം, തീറ്റ നിർമ്മാണം, മത്സ്യകർഷകർക്കുള്ള സർക്കാർ സബ്സിഡികൾ എന്നിവയെക്കുറിച്ച് വിദഗ്ധരായ ശാസ്ത്രജ്ഞർ കർഷകർക്ക് സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.