ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് കരൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം സ്‌കൂളില്‍ തത്സമയം സംപ്രേഷണം ചെയ്ത പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക എസ്. മല്ലികയ്‌ക്കെതിരെയാണ് ജോലിയില്‍ വീഴ്ച വരുത്തിയതിന് വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്.
സ്‌കൂളുകള്‍ പഠനാവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്നും വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയാണ് ഈ നടപടി. പുതിയ നിര്‍ദേശ പ്രകാരം ഔദ്യോഗിക സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികള്‍ക്ക് മാത്രമേ ഇനി മുതല്‍ സ്‌കൂളുകളില്‍ പ്രവേശനം ഉണ്ടാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ അറിയിച്ചു.
കളരികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയ പ്രചാരണ വേദികളാക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
