Home » Blog » kerala Mex » മഞ്ഞ ജേഴ്‌സിയിൽ ധോണിയുടെ അവസാനത്തേ കളി? വെളിപ്പെടുത്തലുമായി ഉത്തപ്പ
Siddaramaiah-36

ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എം.എസ്. ധോണിയുടെ ഐപിഎൽ ഭാവിയെക്കുറിച്ച് നിർണ്ണായക നിരീക്ഷണവുമായി മുൻ താരം റോബിൻ ഉത്തപ്പ. 2026-ലെ ഐപിഎൽ സീസൺ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മഞ്ഞ ജേഴ്‌സിയിൽ ധോണിയുടെ അവസാനത്തേതാകാൻ സാധ്യതയുണ്ടെന്നാണ് ഉത്തപ്പയുടെ അഭിപ്രായം. തന്റെ പത്തൊൻപതാം ഐപിഎൽ സീസണിനായി ഒരുങ്ങുന്ന ധോണി, ഇത്തവണ ടീമിൽ പുതിയൊരു റോളിലാകും പ്രത്യക്ഷപ്പെടുകയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഈ സീസണിൽ ധോണി ഒരു ‘മെന്റർ പ്ലെയർ’ എന്ന നിലയിലാകും കൂടുതൽ ശ്രദ്ധ നൽകുകയെന്ന് ഉത്തപ്പ പറയുന്നു. ടീമിലെ തന്റെ സാന്നിധ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനാകും അദ്ദേഹം ശ്രമിക്കുക. ഇതിന്റെ ഭാഗമായി ബാറ്റിംഗ് ഓർഡറിൽ എട്ടാം നമ്പറിലേക്ക് ധോണി മാറിയേക്കാം. നിലവിലെ നായകൻ ഋതുരാജ് ഗെയ്‌ക്വാദിന് പൂർണ്ണമായ സ്വാതന്ത്ര്യം നൽകാനും ടീമിനെ സ്വതന്ത്രമായി നയിക്കാൻ പ്രാപ്തനാക്കാനുമാണ് ധോണി ഇത്തരമൊരു നീക്കം നടത്തുന്നതെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.

അതേസമയം, ധോണിയുടെ പിൻഗാമിയായി മലയാളി താരം സഞ്ജു സാംസൺ ചെന്നൈ ടീമിലെത്തിയത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ധോണി വിരമിക്കുന്നതോടെ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് സഞ്ജുവിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎസ്‌കെ ഈ നീക്കം നടത്തിയതെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ കരുതുന്നത്. നിലവിൽ 44 വയസ്സുകാരനായ ധോണി ചെന്നൈയിൽ തീവ്ര പരിശീലനത്തിലാണ്. സീസണിലെ എല്ലാ മത്സരങ്ങളിലും ധോണി ലഭ്യമാകുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ജോലിഭാരം ടീം മാനേജ്‌മെന്റ് കൃത്യമായി നിയന്ത്രിക്കാനാണ് സാധ്യത.