Home » Blog » kerala Max » മക്‌ഡൊണാൾഡ്‌സിൽ വൻ അക്രമം; തർക്കത്തിനൊടുവിൽ സഹപ്രവർത്തകന് നേരെ തിളച്ച എണ്ണയൊഴിച്ചു, നില ഗുരുതരം
mcdonalds

അമേരിക്കയിലെ കാലിഫോർണിയയിലുള്ള പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ സഹപ്രവർത്തകന്റെ അപ്രതീക്ഷിതമായ അക്രമത്തിൽ ജീവനക്കാരന് കടുത്ത പൊള്ളലേറ്റു. ജേക്കബ് സ്മിത്തിന് നേരെ സഹപ്രവർത്തകൻ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഇരുപതുകാരനായ ജേക്കബ് സ്മിത്തിന് ഗുരുതരമായ പൊള്ളലാണ് ഏറ്റിരിക്കുന്നത്. പ്രകോപനമില്ലാതെ സഹപ്രവര്‍ത്തകന്‍ തിളച്ച എണ്ണ റെസ്റ്റോറന്‍റ് മാനേജരായ ജേക്കബിന്റെ മുഖത്തേക്കും ശരീരത്തിലേക്കും വലിച്ചെറിയുകയാണ് ഉണ്ടായതെന്നാണ് വിവരം.

മുഖം, കഴുത്ത്, കൈകള്‍, ശരീരത്തിന് പിന്‍ഭാഗം എന്നിവടങ്ങളിലാണ് പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ ജേക്കബ് നിലവില്‍ ഒരാഴ്ചയായി ഐസിയുവില്‍ ചികിത്സയിലാണ്. മെയ് 30നാണ് സംഭവം. ഷിഫ്റ്റ് ജീവനക്കാരനായി ജലാനി ബ്ലുവറ്റ് എന്ന 23കാരനാണ് ജേക്കബിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിന്നീട് പൊലീസ് പിടികൂടി. ജേക്കബിന്റെ ചികിത്സയ്ക്കായി മാതാവ് ആംബര്‍ സ്മിത്ത് നിലവില്‍ ഓണ്‍ലൈനായി ഫണ്ട് സ്വരൂപിക്കുകയാണ്. ഓഫീസില്‍ പണം എണ്ണി തിട്ടപ്പെടുത്തുന്നതിന് ഇടയിലാണ് മകന് നേരെ ആക്രമണം ഉണ്ടായതെന്ന് ആംബര്‍ പറയുന്നു. സമീപത്തേക്ക് എന്തോ വരുന്നതായി കണ്ട് മകന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും തിളച്ച എണ്ണ അവന്റെ ശരീരത്തില്‍ പതിച്ച് കഴിഞ്ഞെന്നും ഫണ്ടിംഗിനായി പങ്കുവച്ച കുറിപ്പില്‍ ആംബര്‍ പറയുന്നു.

ശരീരത്തിന്റെ 22 ശതമാനവും ജേക്കബിന് പൊള്ളലേറ്റിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സാക്രാമെന്റോയില്‍ നിന്നും 40 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന യുബാ സിറ്റിയിലെ മക് ഡോണാള്‍ഡ്‌സ് റസ്റ്റോറൻ്റിൽ വച്ചാണ് സംഭവം. ജൂണ്‍ ഒന്നിനാണ് പ്രതി പിടിയിലാകുന്നത്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 20താമത്തെ വയസില്‍ തന്നെ ഉത്തരവാദിത്തത്തോടെ പെരുമാറുന്ന വ്യക്തിയാണ് തന്റെ മകനെന്നും അവന്റെ വിവാഹം ഉറപ്പിച്ചിരുന്നെന്നും ആംബര്‍ പറയുന്നു. നിലവില്‍ പ്രതിയെ സട്ടര്‍ കൗണ്ടി ജയിലിലാണ്. ഇയാള്‍ക്കെതിരെ ഗുരുതരമായ പല വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വൈകല്യമുള്ളയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അത് എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.