ലോകത്തെ വിറപ്പിച്ചുുകൊണ്ട് ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം. ജപ്പാനിലെ ക്യൂഷുദ്വീപിലെ കുമാമോത്തോയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ച് പേർ മരണപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാന നഗരമായ ടോക്കിയോയിൽ നിന്ന് 900 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരത്തിന് തെക്ക് 20 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ക്യൂഷുദ്വീപിലെ ഏറ്റവും വലിയ നഗരമായ കുമാമോത്തോയിൽ 7 ലക്ഷത്തോളമാണ് ജനസംഖ്യ. പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നതിനാൽ മുൻകൂട്ടി ജാഗ്രതാ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു.
ഭൂചലനത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ കഷീമ നഗരത്തിലെ പ്രമുഖ ഷോപ്പിങ് മാൾ രണ്ടായി പിളർന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒട്ടേറെപ്പേർ മാളിൽ കുടുങ്ങിക്കിടക്കുകയാണ്. കൂടാതെ നിപ്പോൺ പേപ്പർ ഫാക്ടറിയിലെ ചിമ്മിനി തകർർന്നുവീണ് ഏതാനും പേരെ കാണാതായിട്ടുമുണ്ട്. കുമാമോത്തോയിൽ നിരവധി കെട്ടിടങ്ങളും പാലങ്ങളും റോഡുകളും പൂർണ്ണമായും തകർന്നു തരിപ്പണമായി. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സുരക്ഷ മുൻനിർത്തി ഏകദേശം 3 ലക്ഷത്തോളം ആളുകളെയാണ് അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചത്. സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പിന്നീട് അത് പിൻവലിക്കുകയുണ്ടായി.
രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. മാളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും കാണാതായവർക്കായുള്ള തിരച്ചിലും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പ്രകൃതിയുടെ ഈ വലിയ ദുരന്തത്തിൽപ്പെട്ട ജപ്പാനിലെ ജനങ്ങളെ നടുക്കുന്ന ഈ വാർത്ത അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
