ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരം നിലനിർത്തുക എന്ന ഇ.എം.എസിന്റെ പഴയ നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം. ഭരണം നഷ്ടപ്പെട്ടാൽ ജയിലിൽ പോകേണ്ടി വരുമെന്ന ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആടിനെ പട്ടിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, ബി.ജെ.പിക്ക് പാർലമെന്റ് അംഗത്തെ നൽകിയത് സി.പി.എമ്മാണ്. ഇക്കാര്യം വി.എസ്. സുനിൽ കുമാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും സലാം ചൂണ്ടിക്കാട്ടി. വേങ്ങരയിലും മഞ്ചേശ്വരത്തും സി.പി.എം- എസ്.ഡി.പി.ഐ സഹകരണം വ്യക്തമാണ്. കഴിഞ്ഞ തവണ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായിരുന്ന ആളാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജമാഅത്തെ ഇസ്ലാമിയുടെ നോമിനികളാണെന്ന എ. വിജയരാഘവന്റെ പ്രസ്താവന വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്. കെ.എം. ഷാജിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ കാര്യത്തിൽ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും സലാം കുറ്റപ്പെടുത്തി. യു. പ്രതിഭയ്ക്കെതിരായ പരാമർശം തെറ്റാണെന്ന് ആദ്യം പറഞ്ഞത് ലീഗാണ്. എന്നാൽ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ സി.പി.എം കേന്ദ്രങ്ങൾ നടത്തുന്ന സൈബർ ആക്രമണങ്ങളിൽ പാർട്ടി നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
