Home » Blog » kerala Mex » ബിജെപി ആട്ടിൻതോലിട്ട ചെന്നായ: ബിജെപിക്കെതിരെ ബിനോയ് വിശ്വം
binoy-1

കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി ആട്ടിൻതോലിട്ട ചെന്നായയാണെന്നും ന്യൂനപക്ഷങ്ങളോടുള്ള അവരുടെ കടുത്ത വിരോധം ഒരിക്കൽ കൂടി പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിഷപ്പുമാരെ കാണുമ്പോൾ സൗഹൃദം നടിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. കേക്കിന് മുന്നിൽ സ്നേഹം പങ്കിട്ട ബിഷപ്പുമാർ ബിജെപിയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി.ഐ.എം- ബിജെപി ഡീൽ ആരോപിക്കുന്ന വി.ഡി. സതീശൻ സ്വന്തം പാർട്ടിയുടെ ചരിത്രം പരിശോധിക്കണം. കോൺഗ്രസിന്റെ കൈപ്പത്തിയിലാണ് ബിജെപി ബന്ധത്തിന്റെ കറയുള്ളത്. അത് മറച്ചുവെക്കാനാണ് യുഡിഎഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

ഇടതുപക്ഷം സംവാദങ്ങളെ ഭയക്കുന്നവരല്ല. വികസന കാര്യങ്ങളിൽ ആരോടും സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് നേരിട്ടുള്ള മറുപടി നൽകാൻ ബിനോയ് വിശ്വം തയ്യാറായില്ല. “മനുഷ്യരുടെ എല്ലാ വോട്ടുകളും ഇടതുപക്ഷത്തിന് വേണം. എന്നാൽ മതവർഗീയ സംഘടനകളോട് ആശയപരമായി യാതൊരു യോജിപ്പുമില്ല. ഇടതുപക്ഷം എസ്ഡിപിഐയുടെ വോട്ട് തേടിയിട്ടില്ല”അദ്ദേഹം വ്യക്തമാക്കി.