Home » Blog » kerala Mex » ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്ന പ്രചാരണം ശരിയല്ല: മന്ത്രി എം.ബി. രാജേഷ്
mbrajesh

കേരളത്തിലെ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്ന പ്രചാരണം ശരിയല്ലെന്നും, നിലവിലുള്ള സമയക്രമം ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം കേന്ദ്രങ്ങളിലെ ബാറുകൾക്ക് നേരത്തെ തന്നെ രാവിലെ 10 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നു. ഈ സമയക്രമം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി വിവേചനം ഒഴിവാക്കുകയാണ് സർക്കാർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളാണെങ്കിലും അല്ലെങ്കിലും ബാറുകളുടെ ലൈസൻസ് ഫീസായി 35 ലക്ഷം രൂപയാണ് ഈടാക്കുന്നത്. ഒരേ ഫീസ് നൽകുന്നവർക്കിടയിൽ സമയക്രമത്തിൽ വിവേചനം നിലനിൽക്കുന്നത് സംബന്ധിച്ച് ശക്തമായ പരാതികൾ ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് ഏകീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സമയക്രമവും ലൈസൻസ് ഫീസും ചൂണ്ടിക്കാട്ടിയാണ് മന്ത്രി സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചത്. കർണാടകയിൽ രാവിലെ 9 മുതൽ രാത്രി 12 വരെയും, ബെംഗളൂരുവിൽ പുലർച്ചെ 1 മണി വരെയുമാണ് ബാറുകളുടെ പ്രവർത്തനസമയം. അവിടെ ലൈസൻസ് ഫീസ് കേരളത്തേക്കാൾ വളരെ കുറവാണെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.