Home » Blog » Cinema » പ്രിയന്‍റെ നൂറാമത്തെ ചിത്രം: മോഹൻലാലിന്‍റെ അച്ഛനാകാൻ പുതുമുഖത്തെ തേടുന്നു; സിനിമയിൽ 12 പാട്ടുകൾ
16

ചെന്നൈ: മോഹൻലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പ്രിയന്‍റെ നൂറാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിൽ ആരംഭിക്കുമെന്ന് ഒരു അഭിമുഖത്തിൽ പ്രിയദര്‍ശൻ വ്യക്തമാക്കി. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ 12 പാട്ടുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഗീതജ്ഞരായ അച്ഛന്‍റെയും മകന്‍റെയും കഥയാണ് പറയുന്നത്. സിനിമയിൽ മോഹൻലാലിന്‍റെ അച്ഛന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായുള്ള നടനെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കർണാട്ടിക് സംഗീതത്തിന്‍റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും കഥകളിയുടെയും പശ്ചാത്തലമുള്ള ഒരു പുതുമുഖത്തെയാണ് തേടിക്കൊണ്ടിരിക്കുന്നത്. വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇന്നുണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ആ വേഷം ചെയ്യാനായി ക്ഷണിക്കുമായിരുന്നുവെന്നും പ്രിയദർശൻ വിശദമാക്കി.

മോഹൻലാൽ നല്ല ഗായകനാണെങ്കിലും അദ്ദേഹത്തോട് തന്‍റെ ചിത്രത്തിൽ പാടാൻ ആവശ്യപ്പെടില്ലെന്നും ചിത്രത്തിലെ നായകകഥാപാത്രം കർണാടിക് സംഗീതമാണ് അതിമനോഹരമായി കൈകാര്യം ചെയ്യുന്നതെന്നും പ്രിയദർശൻ പറഞ്ഞു. ആശീർ‌വാദ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ആശീർവാദിന്റെ 38ാമത്തെ ചിത്രം കൂടിയാണിത്. ബിനു ജോർജ് അലക്സാണ്ടറാണ് സഹനിർമാതാവ്.

പ്രിയദര്‍ശൻ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തിയിലും മോഹൻലാലായിരുന്നു നായകൻ. ”നൂറാമത്തെ സിനിമ നമ്മള്‍ ഒരുമിച്ച്‌ ചെയ്യുന്നു. എന്‍റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയില്‍ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയില്‍ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്.” – എന്നാണ് പ്രിയൻ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.